മു​ജീ​ബ് റ​ഹ്മാ​ൻ, തലാ​പ്പി​ൽ സ​ജീ​ർ

മഞ്ചേരി നഗരസഭ ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

മഞ്ചേരി: നഗരസഭയിലെ 16ാം വാർഡായ കിഴക്കേത്തലയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫിനായി പരേറ്റ മുജീബ് റഹ്മാനും (42) ഇടതുപക്ഷ സ്വതന്ത്ര്യ സ്ഥാനാർഥിയായി തലാപ്പിൽ സജീറും (35) മത്സരിക്കും.

ഇരുവർക്കും കന്നിയങ്കമാണിത്. ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ വാർഡ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. മുസ്ലിം ലീഗ് കിഴക്കേത്തല വാർഡ് കൺവെൻഷൻ മുജീബിനെ സ്ഥാനാർഥിയായി അംഗീകരിച്ചതോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപനം നടത്തി. കിഴക്കേത്തല സ്വദേശിയും ചുമട്ടുതൊഴിലാളി യൂനിയൻ (എസ്.ടി.യു) മുനിസിപ്പൽ സെക്രട്ടറിയുമാണ്.

സജീർ ഇലക്ട്രിക്കൽ ബിസിനസ് നടത്തി വരികയാണ്. 21നാണ് വോട്ടെടുപ്പ് നടക്കുന്നത്. വാർഡ് കൗൺസിലർ ആയിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ശനിയാഴ്ച മുതൽ നാമനിർദേശ പത്രിക സ്വീകരിക്കും. നാലിന് സൂക്ഷ്മ പരിശോധന നടക്കും. 22ന് വോട്ടെണ്ണും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച ജലീൽ 313 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത്. എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ടായിരുന്നു.

50 വാർഡുകളുള്ള നഗരസഭയിൽ യു.ഡി.എഫിന് 27 സീറ്റാണുള്ളത്. ഉപതെരഞ്ഞെടുപ്പ് ഫലം ഭരണത്തെ ബാധിക്കില്ല. മുസ്ലിം ലീഗ് കൺവെൻഷൻ യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ മുഹമ്മദലി, എ.പി. മജീദ്, യാഷിക് മേച്ചേരി, വല്ലാഞ്ചിറ മജീദ്, ടി.എം നാസർ തുടങ്ങിയവർ സംസാരിച്ചു.

എൽ.ഡി.എഫ് സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷൻ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പടവണ്ണ സമീർ അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ മുന്നണിയിലെ വിവിധ കക്ഷി നേതാക്കളായ വി. അജിത്കുമാർ, അഡ്വ. കെ. ഫിറോസ് ബാബു, എം. നിസാറലി, കെ. ഉബൈദ്, ചുങ്കത്ത് അലവി, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഹാരിസ് ബാബു, പി.പി. മുഹമ്മദലി, ഖാലിദ് മഞ്ചേരി, സി.ടി. രാജു, മേച്ചേരി ഹസ്സൻ മാസ്റ്റർ, എൻ. മുഹമ്മദ്, വി.പി. അലി എന്നിവർ സംസാരിച്ചു.

News Summary - Mancheri Municipal Council by-election; LDF and UDF candidates announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.