മലപ്പുറം ആർ.ടി ഓഫിസിന് പിൻവശത്തെ ജനൽ വഴി ഉദ്യോഗസ്ഥരുമായി ആശയവിനിമയം
നടത്തുന്നവർ
മലപ്പുറം: ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവുണ്ടായിട്ടും ‘പിൻവാതിൽ സേവനം’ തുടർന്ന് മലപ്പുറം ആർ.ടി, സബ് ആർ.ടി ഓഫിസ് ജീവനക്കാർ. സെക്ഷനിലേക്ക് ഇടനിലക്കാർ പ്രവേശിക്കുന്നത് വിലക്കിയപ്പോൾ ഓഫിസിന് പിൻവശത്തെ ജനൽ വഴിയാണ് ഉദ്യോഗസ്ഥർ ‘പേപ്പർ ശരിയാക്കി’ നൽകുന്നത്. മലപ്പുറം ആർ.ടി, സബ് ആർ.ടി ഓഫിസുകളുടെ പിൻവശത്തെ ജനലുകൾ ഇതിനായി തുറന്നിട്ടിരിക്കുകയാണ്. സെക്ഷനുകളിലേക്ക് പൊതുജനങ്ങൾക്കും ഇടനിലക്കാർക്കും സന്ദർശനം വിലക്കി കഴിഞ്ഞ ഫെബ്രുവരി 28ന് ട്രാൻസ്പോർട്ട് കമീഷണർ എസ്. ശ്രീജിത്ത് ഉത്തരവ് പുറെപ്പടുവിച്ചിരുന്നു.
വിവിധ ആവശ്യങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫിസുകളിൽ വരുന്നവരെ പബ്ലിക് റിലേഷൻ ഓഫിസറുടെ (പി.ആർ.ഒ) മുമ്പാകെ വരെ മാത്രമേ സന്ദർശനം അനുവദിക്കാവൂയെന്ന് ഉത്തരവിൽ പറഞ്ഞിരുന്നു.പൊതുജനങ്ങൾക്കും ഇടനിലക്കാർക്കും ഒരു കാരണവശാലും സെക്ഷനുകളിലേക്ക് പ്രവേശനം അനുവദിക്കാൻ പാടില്ല. അപേക്ഷകളിൽ കൂടുതൽ വ്യക്തത ആവശ്യമുള്ള കേസുകളിൽ മാത്രം ഓഫിസ് മേധാവിയെ കണ്ട് പരിഹാരം തേടാൻ സന്ദർശകരെ അനുവദിക്കാം.
നിർദ്ദേശം കർശനമായി പാലിക്കുന്നെന്ന് ഓഫിസ് മേധാവികൾ ഉറപ്പുവരുത്തണമെന്ന് ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവിലുണ്ട്. ഇതുപ്രകാരം മലപ്പുറം ആർ.ടി, സബ് ആർ.ടി ഓഫിസുകളിൽ പി.ആർ.ഒയെ നിയമിക്കുകയും സെക്ഷനുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തിട്ടുണ്ടെങ്കിലും ഇടത്തട്ടുകാരും ജീവനക്കാരും തമ്മിലുള്ള ആശയവിനിമയവും ഫയൽ കൈമാറ്റവും പിൻവശത്തെ ജനൽ വഴി തുടരുകയാണ്. ഓഫിസ് അധികാരികൾക്ക് ഇതറിയാമെങ്കിലും ഏജന്റുമാരുടെ വിഹാരം തടയാൻ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.