മലപ്പുറം: പാക്കറ്റിന് പുറത്ത് രേഖപ്പെടുത്തിയ എണ്ണവും തൂക്കവും ഇല്ലാത്തതിന് പാര്‍ലെ-അങ്കിത് ബിസ്കറ്റ് കമ്പനി ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നല്കാന് മലപ്പുറം ജില്ല ഉപഭോക്തൃ കമീഷന് നിര്‍ദേശം നല്കി. 604 ഗ്രാം തൂക്കം രേഖപ്പെടുത്തിയ പാര്‍ലെ ബിസ്ക്കറ്റ് പാക്കറ്റില്‍ 420 ഗ്രാം തൂക്കമേയുള്ളൂവെന്നും ആറു ചെറിയ പാക്കറ്റുകള്‍ക്ക് പകരം നാല് എണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന പരാതിയുമായി ജില്ല ഉപഭോക്തൃ കമീഷനെ സമീപിച്ച കാളികാവ് അരിമണല്‍ സ്വദേശി മെര്ലിന് ജോസിന്റെ ഹരജിയിലാണ് കമീഷൻ ഉത്തരവ്.
പാക്കറ്റില്‍ രേഖപ്പെടുത്തിയ എണ്ണത്തിലും തൂക്കത്തിലും കുറവ് കണ്ടതിനെ തുടര്‍ന്നാണ് കമീഷനെ സമീപിച്ചത്. മനുഷ്യസ്പര്ശമില്ലാതെ പൂർണമായും യന്ത്രങ്ങൾ ഉപയോഗിച്ച് നിർമാണവും പാക്കിങ്ങും നടക്കുന്നതിനാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും അളവിലോ തൂക്കത്തിലോ വ്യത്യാസം വന്നാല്‍ ഒഴിവാക്കുന്നതാണ് കമ്പനിയുടെ രീതിയെന്നും എതിര് കക്ഷി ബോധിപ്പിച്ചു.
കമീഷന് മുമ്പാകെ ഹാജരാക്കിയ ബിസ്കറ്റ് പാക്കറ്റുകള്‍ തൂക്കി നോക്കിയതില്‍ 604.8 ഗ്രാമിനു പകരം 420 ഗ്രാം മാത്രമേ ഉള്ളൂവെന്ന പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും പരാതിക്കാര്‍ക്ക് നല്‍കണമെന്ന് ജില്ല ഉപഭോക്തൃ കമീഷന് വിധിച്ചത്.
ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ വിധി തുകക്ക് 12 ശതമാനം പലിശ നല്‍കണം. കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമീഷന്റേതാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.