മലപ്പുറം: മലപ്പുറം ജില്ല സഹകരണ (എം.ഡി.സി) ബാങ്കിനെ രജിസ്ട്രാര്‍ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയ നടപടി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി യു.ഡി.എഫ് നേതൃത്വത്തിലുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍. 12ന് രാത്രിയാണ് രജിസ്ട്രാര്‍ ഉത്തരവിറക്കിയത്. വെള്ളിയാഴ്ച വൈകീട്ടോടെ കേരള ബാങ്ക് എറണാകുളം കോര്‍പറേറ്റ് ഓഫിസ് ജനറല്‍ മാനേജര്‍ ഡോ. അനില്‍കുമാര്‍ മലപ്പുറത്തെത്തി എം.ഡി.സി ബാങ്കില്‍ ചുമതലയേറ്റു.
ജില്ല ബാങ്ക് പ്രസിഡന്റ് അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എയും 93ഓളം പ്രാഥമിക സഹകരണ സംഘങ്ങളും സഹകരണ രജിസ്ട്രാറുടെ ഏകപക്ഷീയമായ ലയനനടപടി ചോദ്യം ചെയ്ത് നല്കിയ ഹരജിയില്‍ വാദം തുടര്‍ന്നു കേള്‍ക്കുമെന്നും രജിസ്ട്രാര്‍ക്ക് നടപടിയുമായി മുന്നോട്ടുപോകാമെന്നും ഹൈകോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവ് നല്‍കിയിരുന്നു. ഇതിനെതിരെ ഡിവിഷന് ബെഞ്ചില്‍ നല്കിയ അപ്പീലും വെള്ളിയാഴ്ച തള്ളി. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ തയാറെടുക്കുന്നത്.
സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ കൊണ്ടുവന്ന 74 എച്ച് നിയമഭേദഗതിയുടെ അധികാരമുപയോഗിച്ചാണ് എ ക്ലാസ് മെംബര്‍മാരായ സംഘങ്ങള്‍ക്ക് 15 ദിവസ കാലയളവ് നിശ്ചയിച്ചുള്ള നോട്ടീസ് മാത്രം നല്കി ലയനനടപടി ആരംഭിച്ചത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹരജികളാണ് ഹൈകോടതി തുടര്‍വാദം കേള്‍ക്കാൻ മാറ്റിയത്. അന്തിമവിധി വരും മുമ്പ് തന്നെ ഇടക്കാലവിധിയുടെ പിന്‍ബലത്തില്‍ ലയനനടപടികളുമായി സഹകരണ വകുപ്പ് മുന്നോട്ടു പോകുകയാണ്. 2016ഓടെയാണ് ജില്ല സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. 2017 മുതല്‍ ഇതിനായി അഡ്മിനിസ്ട്രേറ്റര്‍ ഭരണവും കൊണ്ടുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.