നിലമ്പൂർ: 1979 ഡിസംബർ 25നാണ് ചാലിയാർ പഞ്ചായത്ത് രൂപവത്കരണം. 124.28 ചതുരശ്രകിലോമീറ്റർ വിസ്തീർണത്തിലുള്ള കുടിയേറ്റ കർഷക കുടുംബങ്ങൾ അധിവസിക്കുന്ന തനി ഉൾനാടൻ ഗ്രാമം. ജനസംഖ്യയിൽ ഏറിയ പങ്കും ആദിവാസി സമൂഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്, വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഭൂമിക.ആര് ഭരിക്കുമെന്ന് നറുക്കെടുപ്പിലൂടെ തീരുമാനത്തിലെത്തുന്ന പഞ്ചായത്ത്. പ്രവചനാതീതമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന കുടിയേറ്റ മണ്ണ്.
1988ൽ എട്ട് സീറ്റുകളുണ്ടായിരുന്ന പഞ്ചായത്തിൽ എൽ.ഡി.എഫ് നാല്, യു.ഡി.എഫ് നാല് എന്നിങ്ങനെയായിരുന്നു കക്ഷിനില. 2015ൽ ആകെയുള്ള 14 സീറ്റിൽ ഇരുമുന്നണികളും ഏഴുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നു. രണ്ടുതവണയും നടുക്കെടുപ്പിൽ ഭാഗ്യം എൽ.ഡി.എഫിനെ തുണച്ചു. 2020 ൽ പട്ടികവർഗ ജനറൽ പഞ്ചായത്തിൽ 14 സീറ്റുകളിൽ കോൺഗ്രസ് ഏഴ്, ലീഗ് ഒന്ന്, സി.പി.എം ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില.
ഭൂരിപക്ഷം ലഭിച്ചിട്ടും യു.ഡി.എഫിന് പട്ടികവർഗ സ്ഥാനാർഥിയെ വിജയിപ്പിക്കാൻ കഴിയാതെ വന്നതോടെ പ്രസിഡന്റ് പദം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ മനോഹരനാണ് പ്രസിഡന്റ് പദത്തിലെത്തിയത്.
ഇത്തവണ രണ്ട് സീറ്റുകൾ വർധിച്ച് 16 വാർഡുകളായി. യു.ഡി.എഫിൽ കോൺഗ്രസ് 12, ലീഗ് നാല് സീറ്റുകളിലും മത്സരിക്കുന്നു. എൽ.ഡി.എഫിൽ 16 സീറ്റിലും സി.പി.എം മത്സരിക്കുന്നു.
ആദിവാസി ഭൂസമരനായിക ബിന്ദു വൈലാശ്ശേരി അകമ്പാടം വാർഡിലും ഭർത്താവ് ഗിരിദാസൻ നമ്പൂരിപ്പൊട്ടിയിലും വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ ജനകീയ മുന്നണി സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്.
പട്ടിക വർഗ വനിത, പട്ടിക വർഗ ജനറൽ സീറ്റുകളായ ഇവിടെ ത്രിക്കോണമത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. 16 സീറ്റിലും എൻ.ഡി.എ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്.
എൻ.ഡി.എ മത്സരിക്കുന്ന പാറക്കാട്, വാളാംതോട്, മൊടവണ്ണ വാർഡുകളിലും ത്രികോണ മത്സരമാണ്. ഇരുമുന്നണികളും മികവുറ്റ സ്ഥാനാർഥികളെ രംഗത്തിറക്കിയാണ് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. ആർക്കും വിമത സ്ഥാനാർഥികളില്ല. രണ്ടുകൂട്ടരും ഭൂരിപക്ഷം അവകാശപ്പെടുന്നു. ഇക്കുറിയും പതിവ് പോലെ കടുത്ത മത്സരമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.