വേങ്ങര: എ.ആർ നഗർ എന്ന് പേര് ലോപിച്ചുപോയ അബ്ദുൽ റഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് കാലങ്ങളായി യു.ഡി. എഫിന്റെ തറവാടാണ്. എൽ.ഡി.എഫിന് വേരോട്ടമില്ലാത്ത ഈ പഞ്ചായത്തിൽ ലീഗും കോൺഗ്രസും തമ്മിലുള്ള പടലപ്പിണക്കവും, പല കാരണങ്ങളാൽ ലീഗിനെതിരെ വോട്ടർമാരിൽ രൂപപ്പെടുന്ന ലീഗ് വിരോധവും മുതലെടുത്താണ് സ്വതന്ത്ര വേഷത്തിൽ ഒന്നോ രണ്ടോ വാർഡുകളിൽ എൽ.ഡി.എഫ് ജയിച്ചു കയറാറുള്ളത്.
ഐ.എൻ.എല്ലിന് ഒരു പരിധി വരെ സ്വാധീനമുള്ള ഒന്നോ രണ്ടോ വാർഡുകളും നേരത്തെ ഈ പഞ്ചായത്തിലുണ്ടായിരുന്നു. ഐ.എൻ.എൽ രണ്ടായി പിരിഞ്ഞതോടെ അവരുടെ ശക്തിയും ക്ഷയിച്ച മട്ടാണ്. ഈ സാഹചര്യം മുതലെടുത്ത് മുഴുവൻ വാർഡുകളിലും ജയിച്ചു കയറാമെന്നുള്ള ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ഇത്തവണ മത്സര രംഗത്തുള്ളത്.
നിലവിൽ 21 വാർഡുകളിൽ 18 സീറ്റിലും യു. ഡി. എഫ് ജയിച്ചു കയറി. എൽ.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥികൾ മൂന്നു പേരും വിജയിച്ചു. ഈ മൂന്നു പേരിൽ ഒരാൾ യു.ഡി.എഫിന്റെ ഭാഗമായതോടെ, ഫലത്തിൽ നിലവിലുള്ള ബോർഡിൽ 19 യു. ഡി. എഫ് പ്രതിനിധികളും രണ്ട് എൽ.ഡി.എഫ് സ്വതന്ത്രരും മാത്രമാണുള്ളത്. മൂന്നെണ്ണം വർധിച്ച് ഇപ്പോൾ 24 വാർഡുകളുണ്ട്. ഇതിൽ 14 വാർഡുകളിൽ മുസ്ലിം ലീഗ് മത്സരിക്കുന്നു. ഒമ്പത് വാർഡുകളിൽ കോൺഗ്രസും രംഗത്തുണ്ട്. ബാക്കി ഒരു വാർഡിൽ യു.ഡി.എഫ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും ഉണ്ട്.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഒരു വാർഡിലും വിമത ശല്യമില്ല എന്നത് ആശ്വാസമാണ്. 24 വാർഡിലും മത്സരിക്കുന്ന എൽ.ഡി. എഫിനാവട്ടെ ഭൂരിഭാഗം വാർഡുകളിലും പേരിനൊരു സ്ഥാനാർഥി എന്നതാണ് അവസ്ഥ. എൽ.ഡി.എഫ് പാനലിൽ രണ്ട് വാർഡുകളിൽ രണ്ട് സഹോദരങ്ങളും, അത് പോലെ തൊട്ടടുത്ത രണ്ട് വാർഡുകളിലായി ദമ്പതികളും മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.