യു.ഡി.എഫ് കോട്ടയിൽ വിള്ളൽ വീഴ്ത്താൻ എൽ.ഡി.എഫ്

കോട്ടക്കൽ: വിമതന്മാരാൽ ശ്രദ്ധേയമായ എടരിക്കോട് പഞ്ചായത്തിൽ ഇത്തവണ നടക്കുന്നത് കനത്ത പോരാട്ടം. ലീഗിന്റെ കോട്ടയിൽ കഴിഞ്ഞ തവണ നഷ്ടപ്പെട്ട പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. വിമതന്മാരുടെ നീക്കമാണ് ലീഗിന്റെ വെല്ലുവിളി. ഇടത്-വലത് മുന്നണികൾക്കൊപ്പം എസ്.ഡി.പി.ഐ ചില വാർഡുകളിൽ നിർണായകമാണ്. വാർഡുകൾ 16ൽനിന്നും 18 ആയി ഉയർന്നതോടെ ലീഗ് 12ഉം കോൺഗ്രസ് ആറും വാർഡുകളിലാണ് മത്സരിക്കുന്നത്.

വിമതരായി മൂന്ന് ലീഗ് നേതാക്കൾ രംഗത്തുള്ളത് യു.ഡി.എഫിന് തിരിച്ചടിയാണ്. ഇതിൽ രണ്ടുപേർ ലീഗ് സ്ഥാനാർഥികൾക്കെതിരെയും ഒരാൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെയുമാണ് മത്സരിക്കുന്നത്. ഈ വാർഡുകളിൽ എസ്.ഡി.പി.ഐ നേടുന്ന വോട്ടുകൾ ഗതിതിരിക്കും. പഞ്ചായത്ത് മുൻ പ്രസിഡന്റും (വനിത), നിലവിലെ രണ്ട് വനിതകളും ജനവിധി തേടുന്നുണ്ട്. നിലവിലെ 16 വാർഡുകളിൽ 15ഉം യു.ഡി.എഫ് നേടിയപ്പോൾ സി.പി.എമ്മിന് ഒരു സീറ്റാണ് ലഭിച്ചത്. കോൺഗ്രസ് അഞ്ച് സീറ്റ് നേടിയെടുത്തു.

മുന്നണി സംവിധാനം ഭദ്രമാണെങ്കിലും പ്രസിഡൻറ്, ഉപാധ്യക്ഷ സ്ഥാനങ്ങൾ എക്കാലത്തും ലീഗാണ് കൈയടക്കുന്നത്. വിമതരുടെ നീക്കം തിരിച്ചടിയാകില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം. വിമത സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്ന എൽ.ഡി.എഫ് ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണ ഒറ്റ സീറ്റ് മാത്രം ലഭിച്ച എൽ.ഡി.എഫിലെ സി. സിറാജുദ്ദീൻ മത്സര രംഗത്തുണ്ട്. ഏഴുപേർ പാർട്ടി ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. മറ്റുള്ളവർ സ്വതന്ത്ര സ്ഥാനാർഥികളാണ്. ഒരു സീറ്റിൽ ഐ.എൻ.എല്ലും മത്സരിക്കുന്നു. നഷ്ടപ്പെട്ടത് പിടിച്ചെടുക്കുന്നതോടൊപ്പം കൂടുതൽ സീറ്റുകൾ നേടാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ മികച്ച പ്രകടനം നടത്തിയ എസ്.ഡി.പി.ഐ എട്ടു വാർഡുകളിലാണ് ജനവിധി തേടുന്നത്. വോട്ടു ശതമാനം വർധിപ്പിക്കാനായി അഞ്ച് സീറ്റിലാണ് ബി.ജെ.പി മത്സരിക്കുന്നത്.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.