പ​ര​പ്പ​ന​ങ്ങാ​ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡ് 41ലെ ​സ്ഥാ​നാ​ർ​ഥി ഫാ​ത്തി​മ റ​ഹീ​മി​ന്റെ പ്ര​ചാ​ര​ണം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

തദ്ദേശ തിരഞ്ഞെടുപ്പ്; വാർഡ് 41ൽ കാരുണ്യമാണ് ചർച്ച

പരപ്പനങ്ങാടി: തന്റെ കാരുണ്യ പ്രവർത്തനങ്ങൾ പ്രചാരണത്തിൽ വേണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടും വാർഡ് നാൽപ്പത്തിയൊന്നിൽ അലയടിക്കുന്നത് കാരുണ്യത്തിന്റെ രാഷ്ട്രീയം. അഞ്ചുവർഷക്കാലം പരപ്പനങ്ങാടി നഗരസഭയിലെ വാർഡ് പതിമൂന്നിൽ കൗൺസിലറായി വികസന രംഗത്ത് ഒന്നരക്കോടി രൂപയുടെ പദ്ധതികൾ കൊണ്ടുവന്ന ഫാത്തിമ റഹീം തന്റെ വികസന പ്രവർത്തനങ്ങളാകണം ചർച്ചയാക്കേണ്ടതെന്ന പക്ഷക്കാരിയാണ്. എന്നാൽ, വികസനത്തോടൊപ്പം യു.ഡി.എഫ് പ്രവർത്തകർ ഇവരുടെ കാരുണ്യപ്രവർത്തനവും മികച്ച രീതിയിൽ വാർഡിൽ പ്രചാരണ വിഷയമാക്കുന്നു.

കൊറോണ കാലത്ത് ആംബുലൻസുകളിൽ സേവന നിരതയായി മുന്നിൽനിന്നതും കോവിഡ് ബാധയേറ്റ് മരിച്ച ഇരുന്നൂറിൽപരം മൃതശരീരങ്ങളുടെ അന്ത്യകർമങ്ങൾക്ക് നിർഭയം നേതൃത്വം നൽകിയതും ചെറമംഗലകത്ത അർബുധ രോഗിയായ നൃത്താധ്യാപികക്ക് വീട് വെക്കാൻ തന്റെ ഭർത്താവ് കെ.പി. അബ്ദുൽ റഹീമിനെ കൊണ്ട് ഭൂമിവിട്ടുകൊടുക്കാൻ പ്രേരിപ്പിച്ചത് മുതൽ വാടക വീടുകളിൽ ദുരിതംപേറുന്ന പത്ത് നിർധന കുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം അരയേക്കർ ഭൂമി സൗജന്യമായി നൽകാൻ വിഭവ സമാഹരണം നടത്തിയതും യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽവെക്കുന്നു. തിരൂരങ്ങാടിയിലെ സർക്കാർ താലൂക്ക് ആശുപത്രിയിലെ അന്തേവാസികളായ രോഗികൾക്ക് ഭക്ഷണമുണ്ടാക്കി വർഷങ്ങളോളം മുടങ്ങാതെ നൽകിയതടക്കമുള്ള പ്രവർത്തനങ്ങളും യു.ഡി.എഫ് മുന്നിൽ വെക്കുന്നു.

നാൽപ്പത്തിയൊന്നിൽ ഇവർ പ്രചാരണം തുടങ്ങിയത് ആഴ്ചകൾക്ക് മുമ്പ് കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലിൽ മുങ്ങി മരിച്ച മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ വെച്ചായിരുന്നു. ഈ കുടുംബത്തിലെ കൈക്കുഞ്ഞും പ്രായമായ മാതാപിതാക്കളുടെയും ജീവിതാഭിലാഷമായ വീട് തറയിൽ നിന്നുയരാതെ കിടക്കുന്ന ദുരവസ്ഥ ‘മാധ്യമം’ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത കണ്ട് നല്ലൊരു തുക നൽകിയ വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ താലൂക്ക് അധ്യക്ഷൻ അഷറഫ് ജന്നാത്ത് തുടക്കമിട്ട വിഭവ സമാഹരണത്തിന് തെരഞ്ഞെടുപ്പിന് ശേഷം പിന്തുണയേകുമെന്ന് ഫാത്തിമ റഹീം പറഞ്ഞു.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.