മലപ്പുറം: ജില്ല ആസ്ഥാനത്തെ സർക്കാർ ആശുപത്രി എന്ന നിലയിൽ മലപ്പുറം താലൂക്ക് ആശുപത്രിക്ക് ഇനിയും മറികടക്കാനുണ്ട് പരിമിതികൾ. പഴയ കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിർമിക്കാനുള്ള പദ്ധതിയാണ് മുന്നിലുള്ളത്. 2021ൽ കേന്ദ്ര സർക്കാർ 10 കോടി രൂപയാണ് കെട്ടിട നിർമാണത്തിന് അനുവദിച്ചത്. ആധുനിക സൗകര്യത്തോടെയുള്ള കെട്ടിടമാണ് പദ്ധതിയിൽ വിഭാവനം ചെയ്യുന്നത്.
എന്നാൽ, കെട്ടിട നിർമാണത്തിന് സ്ഥലത്തിന്റെ ഉടമസ്ഥ തർക്കം സംബന്ധിച്ച സാങ്കേതിക തടസ്സം പദ്ധതി നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിലെ സാങ്കേതികത്വമാണ് പ്രശ്നത്തിന് കാരണം. എം.എൽ.എ അടക്കമുള്ളവർ വിഷയം ചൂണ്ടിക്കാട്ടിയിട്ടും നടപടികൾ മന്ദഗതിയിലാണ്. വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ലഭിച്ചാൽ മാത്രമേ പദ്ധതി പ്രവർത്തനങ്ങളിലേക്ക് കടക്കാനാകൂ. പ്രശ്നം വെള്ളിയാഴ്ച താലൂക്ക് ആശുപത്രി സന്ദർശിക്കുന്ന ആരോഗ്യ മന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
മലപ്പുറം നഗരസഭക്ക് പുറമെ കോഡൂർ, പൊന്മള, പൂക്കോട്ടൂർ, കൂട്ടിലങ്ങാടി, ഊരകം ഗ്രാമപഞ്ചായത്തുകളിലെ സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. പ്രതിദിനം ഒ.പിയിൽ മാത്രം 500ഓളം പേർ ചികിത്സ തേടിയെത്തുന്നുണ്ട്. കിടത്തി ചികിത്സ, പ്രസവം എന്നിവക്കും ആശ്രയ കേന്ദ്രമാണ്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും വർധിപ്പിക്കാനായിട്ടില്ല.
സ്കാനിങ് സെന്ററും സ്കാനിങ് ഉപകരണവും ഏറെക്കാലമായിട്ടുള്ള ആവശ്യമാണ്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കുന്നതിലും നടപടിയായിട്ടില്ല. ക്ലർക്കുമാർ വരെ അധിക ജോലി ചെയ്യേണ്ടി വരുന്നുണ്ട്. മാസത്തിൽ ശരാശരി ജനറൽ വിഭാഗത്തിൽ നൂറും ഗൈനക്ക് വിഭാഗത്തിൽ അറുപതും ശസ്ത്രക്രിയകൾ നടക്കുന്ന കേന്ദ്രത്തിൽ ഒരു അസിസ്റ്റന്റ് സർജന്റെ തസ്തികയിൽ ഇനിയും ആളെ നിയമിക്കാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. സൂപ്രണ്ടിന്റെ ഒഴിവ് നികത്താതെ അധിക ചുമതല നൽകിയാണ് ആശുപത്രി മുന്നോട്ടുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.