കൂരിയാട്ട് ദേശീയപാതയുടെ തകർന്ന ഭാഗം. താനൂർ ഓലപ്പീടിക സ്വദേശി ഇജാസ് അസ്ലം പകർത്തിയ ആകാശദൃശ്യം
കുറ്റിപ്പുറം: ദേശീയപാത നിർമാണത്തിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക. ഏറ്റവുമൊടുവിൽ കൂരിയാടാണ് ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുവീണത്. സമാനമായ രീതിയിൽ കഴിഞ്ഞ വർഷം നവംബറിൽ നരിപ്പറമ്പ് പന്തേപ്പാലത്ത് സുരക്ഷഭിത്തിയുടെ ഒരു ഭാഗം തകർന്നിരുന്നു.
അടിപ്പാതക്ക് അനുബന്ധിച്ചുള്ള ഇരുഭാഗങ്ങളിലും കട്ടകൾ വെച്ച് ഉയർത്തിയ മതിലിനുള്ളിൽ മണ്ണ് നിറക്കുന്നതിനിടെയാണ് അപകടം നടന്നത്. മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ സർവിസ് റോഡിൽ വിള്ളലും രൂപപ്പെട്ടു. സംഭവം നടക്കുന്ന സമയത്ത് വാഹനങ്ങളൊന്നും സഞ്ചരിക്കാത്തത് കാരണമാണ് അന്ന് അപകടമൊഴിവായത്.
പന്തേപ്പാലത്ത് ഇരുവശത്തും തോട് നികത്തിയാണ് സർവിസ് റോഡ് നിർമിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് സംഭവത്തിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. തുടർന്ന് ഒരു മാസം മുമ്പാണ് തകർന്ന ഭാഗം പുനർ നിർമിച്ചത്.
കുറ്റിപ്പുറം ബംഗ്ലാംകുന്ന് പ്രദേശത്തെ വീടുകൾക്കും ഭൂമിക്കും കൂടുതൽ ഭാഗങ്ങളിൽ വിള്ളൽ സംഭവിച്ചു. പ്രദേശത്തെ മണ്ണെടുത്ത് സിമൻറ്-കെമിക്കൽ മിശ്രിതം സ്പ്രേ ചെയ്ത ഭിത്തിയിലാണ് ആദ്യം വിള്ളത്. സമീപത്തെ വീടുകൾ അപകട ഭീഷണിയിലാണ്.
ഒടുവിൽ ആറ് കുടുംബങ്ങൾ താമസിച്ച ഭൂമി ഏറ്റെടുക്കുകയായിരുന്നു. ഇതിന് എതിർവശത്ത് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പാറ പൊട്ടിക്കുന്നതിനിടെ വീടുകൾക്ക് വിള്ളൽ വീണിരുന്നു.
കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്. കൂരിയാട് അപകടം നടന്നതോടെ ജനങ്ങൾ ആശങ്കയിലാണ്. അടിപ്പാതയോടനുബന്ധിച്ച സുരക്ഷ ഭിത്തിയിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം ഉയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.