തിരൂർ: നിലവിലെ സർവിസുകൾക്ക് ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്ത് തീരദേശപാത വഴി അധിക സർവിസ് തുടങ്ങി കെ.എസ്.ആർ.ടി.സി. പൊന്നാനിയിൽനിന്ന് ഉച്ചക്ക് 12.15ന് പുറപ്പെട്ട് കൂട്ടായി, പറവണ്ണ, താനൂർ വഴി 02.15ന് പരപ്പനങ്ങാടിയിലും അവിടുന്ന് 02.45ന് തിരിച്ച് ഇതേ പാതയിലൂടെ പൊന്നാനിയിലേക്കും പുറപ്പെടുന്ന രീതിയിലാണ് സർവിസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ പൊന്നാനി ഭാഗത്തേക്ക് രണ്ടും പരപ്പനങ്ങാടി ഭാഗത്തേക്ക് മൂന്നും സർവിസായി ഉയർന്നു.
തീരദേശപാത വഴി പൊന്നാനി-പരപ്പനങ്ങാടി റൂട്ടിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി സർവിസിന് ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. നിലവിൽ പൊന്നാനിയിൽനിന്ന് പരപ്പനങ്ങാടിയിലേക്ക് രണ്ട് സർവിസും പരപ്പനങ്ങാടിയിൽനിന്ന് പൊന്നാനിയിലേക്ക് ഒരു സർവിസുമാണ് നടത്തിയിരുന്നത്. സർവിസിന്റെ തുടക്കത്തിൽത്തന്നെ കൂടുതൽ ട്രിപ്പുകൾ ഇതുവഴി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു. മാത്രമല്ല, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ബസ് നിറയെ യാത്രക്കാരുമായി ഓടുന്ന അവസ്ഥയും ഉണ്ടായി. ഇത് മനസ്സിലാക്കിയാണ് ഈ റൂട്ടിൽ അധിക സർവിസ് ഓടിക്കാൻ തീരുമാനിച്ചത്. പൊന്നാനി ഡിപ്പോയാണ് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സർവിസ് നടത്തുന്നത്. യാത്രക്കാരുള്ള മുറക്ക് ഇത് സ്ഥിരപ്പെടുത്തുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.