തിരൂർ: കോവിഡിെൻറ രണ്ടാംവരവ് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഇനി മുതൽ വൈദ്യുതി ഓഫിസുകൾ കയറിയിറങ്ങേണ്ടതില്ല. നാളിതുവരെ പലതവണ ഓഫിസുകൾ കയറിയിറങ്ങി ലഭിച്ചിരുന്ന സേവനങ്ങളാണ് കേവലം ഒരു ഫോൺ കോളിലൂടെ ഇനി നൽകുന്നത്.
'സേവനം വാതിൽപടിയിൽ' എന്ന് പേര് നൽകിയ പദ്ധതി പാലക്കാട് സർക്കിളിലാണ് ആദ്യമായി പരീക്ഷിച്ചത്. പരീക്ഷണമെന്നോണം കഴിഞ്ഞ ഫെബ്രുവരി മുതൽ തിരൂർ സർക്കിൾ പരിധിയിലെ ആറ് സെക്ഷനുകളിൽ നടപ്പാക്കിയിരുന്നു. പരീക്ഷണം വിജയമെന്നുകണ്ട സാഹചര്യത്തിൽ ഈ സേവനം തിരൂർ കെ.എസ്.ഇ.ബി സർക്കിളിെൻറ പരിധിയിൽ വരുന്ന മറ്റ് 31 സെക്ഷനുകളിൽ കൂടി മേയ് ഒന്നുമുതൽ നടപ്പാക്കിയതായി തിരൂർ കെ.എസ്.ഇ.ബി സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ അബ്ദുൽ കലാം അറിയിച്ചു.
പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെ താരിഫ് മാറ്റൽ, ഉടമസ്ഥാവകാശം മാറ്റൽ, ഫേസ് മാറ്റൽ, മീറ്ററും ലൈനും മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ നൽകാൻ കഴിയും. 1912 എന്ന ടോൾ ഫ്രീ നമ്പർ വഴിയും സേവനങ്ങൾ ഉറപ്പാക്കാം. കെ.എസ്.ഇ.ബി ജീവനക്കാർ അപേക്ഷകനെ ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ ഏതൊക്കെയെന്ന് അറിയിക്കുകയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കുകയും ചെയ്യും.
സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ അപേക്ഷയും അനുബന്ധ രേഖകളും ബോർഡ് ജീവനക്കാർ ഉപഭോക്താവിെൻറ വീട്ടിലെത്തി കൈപ്പറ്റും. ഇതിന് ആവശ്യമായ അപേക്ഷ ഫീസും ചെലവും ഓൺലൈനായി അടക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി. ആവശ്യമായ തുക അടക്കുന്നതോടെ ഉപഭോക്താവ് ആവശ്യപ്പെടുന്ന സേവനം വേഗത്തിൽ നൽകുന്നതാണ്. തിരൂർ സർക്കിളിലെ എല്ലാ സെക്ഷനുകളിലും പദ്ധതി നടപ്പാക്കുന്നതിലൂടെ ആറര ലക്ഷത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക് ഇതിെൻറ പ്രയോജനം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.