വി.എസ്. ജോയി , ഇ. മുഹമ്മദ് കുഞ്ഞി, പി.ടി. അജയ് മോഹൻ, കെ.പി. അബ്ദുൽ മജീദ്, വി. ബാബു രാജ്, കെ.പി.
നൗഷാദ് അലി
മലപ്പുറം: ഏറെ നാളത്തെ ചർച്ചകൾക്കും കൂട്ടിക്കിഴിക്കലുകൾക്കുമൊടുവിൽ കെ.പി.സി.സിയുടെ പുനഃസംഘടന പൂർത്തിയായപ്പോൾ ജില്ലയിൽനിന്ന് കൂടുതൽ പേർ ഭാരവാഹിത്വത്തിൽ. നേരത്തേ പ്രഖ്യാപിക്കപ്പെട്ട വി.എ. കരീമിന് പുറമെ മുൻ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ വി.എസ്. ജോയ്, മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി എന്നിവർ പുതിയ പട്ടികയിൽ ജനറൽ സെക്രട്ടറിമാരായി നിയമിതരായി.
ഡി.സി.സി ഭാരവാഹികളുടെ കൂട്ടത്തിൽനിന്ന് കെ.പി. നൗഷാദ് അലിയും കെ.പി.സി.സി അംഗങ്ങളിൽനിന്ന് വി. ബാബുരാജും സെക്രട്ടറിമാരായി. ഒന്നര പതിറ്റാണ്ടായി സെക്രട്ടറിമാരായി തുടരുന്ന കെ.പി. അബ്ദുൽ മജീദും പി.ടി. അജയ് മോഹനും സ്ഥാനം നിലനിർത്തി. ഇതോടെ ജില്ലയിൽനിന്ന് കെ.പി.സി.സിയിലേക്ക് മൂന്ന് ജനറൽ സെക്രട്ടറിമാരും നാല് സെക്രട്ടറിമാരുമാണുണ്ടാവുക.
ആദ്യ പട്ടിക മാസങ്ങൾക്ക് മുമ്പ് ഇറങ്ങിയപ്പോൾ വി.എ. കരീമിന് പുറമെ ജനറൽ സെക്രട്ടറി പദവി പ്രതീക്ഷിച്ചവരാണ് ജോയിയും മുഹമ്മദ് കുഞ്ഞിയും. എന്നാൽ, എ ഗ്രൂപ്പിൽനിന്ന് ആര്യാടൻ മുഹമ്മദിെൻറ പൂർണ പിന്തുണയോടെ കരീം മാത്രമാണ് പട്ടികയിൽ അന്നുൾപ്പെട്ടത്. ആര്യാടൻ കൈവിട്ട മുഹമ്മദ് കുഞ്ഞി വിശ്വസ്തരെ കൂട്ടി സ്വന്തം നിലയിൽ എ ഗ്രൂപ് യോഗം വിളിച്ചുചേർത്തു.
ഗ്രൂപ്പിനകത്ത് കലാപാന്തരീക്ഷ പ്രതീതി ഉയർത്തുന്നതിൽ വിജയിച്ചതോടെ ഇദ്ദേഹത്തെകൂടി ഉൾപ്പെടുത്താൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എ.കെ. ആൻറണിയും മുഹമ്മദ് കുഞ്ഞിയെ പിന്തുണച്ചതായി അറിയുന്നു. കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ വി.എസ്. ജോയി ഉമ്മൻ ചാണ്ടിയുടെ സമ്പൂർണ പിന്തുണയോടെയാണ് ജനറൽ സെക്രട്ടറിയായത്. എ, ഐ ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെയാണ് കെ.പി. നൗഷാദ് അലി സെക്രട്ടറി സ്ഥാനത്ത് എത്തിയത്. അന്തരിച്ച കോൺഗ്രസ് നേതാവും ലോക്സഭ അംഗവുമായിരുന്ന എം.ഐ. ഷാനവാസിെൻറ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന നൗഷാദ് അലിക്ക് വേണ്ടി ഇടപെട്ടത് ദേശീയ നേതാവ് അഹമ്മദ് പട്ടേൽ എം.പിയാണ്.
നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും അരീക്കോട്ടുനിന്നുള്ള കെ.പി.സി.സി അംഗവുമാണ്. ഐ ഗ്രൂപ് നോമിനി ആയാണ് പെരിന്തൽമണ്ണക്കാരാനായ വി. ബാബുരാജ് സെക്രട്ടറിയായത്. കെ.പി.സി.സി അംഗമായ ഇദ്ദേഹം യൂത്ത് കോൺഗ്രസ് മുൻ ജില്ല അധ്യക്ഷൻ കൂടിയാണ്.
ജില്ലയിലെ ഐ ഗ്രൂപ്പിൽനിന്ന് ഒരാൾ പോലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണയും പരിഗണിക്കപ്പെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.