കാദറും മുഹമ്മദലിയും
പെരിന്തൽമണ്ണ: ഫുട്ബാളുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണക്കാർക്ക് മറക്കാനാവാത്ത രണ്ടു മുഖങ്ങളാണ് കാദറും മുഹമ്മദലിയും. അവർ വിടവാങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും ഇരുവരെയും നാട് ഓർക്കുന്നത് അവരുടെ പേരിൽ പെരിന്തൽമണ്ണയിൽ നടത്തി വരുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിലൂടെയാണ്. ഇത്തവണയും പെരിന്തൽമണ്ണയിൽ കാദറലി സെവൻസ് ഫുട്ബാളിന്റെ ആരവമുയരുകയാണ്.
കോഴിക്കോട് ഹണ്ടേഴ്സ്, മലപ്പുറം മൊയ്തു റബ്ബർ എസ്റ്റേറ്റ്, കോഴിക്കോട് യങ് മെൻസ്, ഡൈനാമോസ് പാലക്കാട്, കണ്ണൂർ ലക്കി സ്റ്റാർ എന്നീ ക്ലബുകളിലായിരുന്നു കാദറും മുഹമ്മദലിയും കളിച്ചിരുന്നത്. 1953ൽ കൊൽക്കത്തയിൽ നടന്ന ഐ.എഫ്.എ ഷീൽഡ്, 1954ൽ ബോംബെയിൽ നടന്ന റോവേഴ്സ് കപ് ഫുട്ബാൾ ടൂർണമെന്റ് ഇവയിൽ മലബാറിനെ പ്രതിനിധീകരിച്ച് ഇവർ കളിച്ചിരുന്നു. മലബാർ ഇലവനിലെ സ്റ്റോപ്പർ ബാക്ക് അന്ന് കാദർ ആയിരുന്നു. റൈറ്റ് ഹാഫ് ബാക്ക് മുഹമ്മദലിയും.
കണ്ണൂർ ടീമുകൾ അന്ന് എവിടെപ്പോയാലും വേറെ ക്ലബിലെ അംഗങ്ങളായാൽ പോലും കാദറും മുഹമ്മദലിയും ഒപ്പം ഉണ്ടാകും. കേരളത്തിൽ അങ്ങോളമിങ്ങോളം കളിക്കളങ്ങളിൽനിന്ന് പേരും പ്രശസ്തിയും നേടിനിൽക്കുന്ന സാഹചര്യത്തിലാണ് 1961 ജനുവരി ഏഴിന് രാത്രി പാതായിക്കരയിൽ വീടിനടുത്ത് മുഹമ്മദ് അലിക്ക് പാമ്പ് കടിയേറ്റത്. മരുന്നുകൾക്കൊന്നും ആ വിലപ്പെട്ട ജീവൻ രക്ഷിക്കാനായില്ല. കളിത്തോഴൻ മാത്രമല്ല അമ്മായിയുടെ മകൻ കൂടിയായ കാദറിന് മുഹമ്മദലിയുടെ മരണം വൻ ആഘാതമായി. 1961 ഫെബ്രുവരി രണ്ടിന് കാദറും ജീവിതത്തോട് വിടപറഞ്ഞു.
ഇവരുടെ സ്മരണ നിലനിർത്താൻ 1961 ഏപ്രിൽ 18 നാണ് കാദറലി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആരംഭിക്കുന്നത്. ഈ ടൂർണമെന്റിൽനിന്ന് ലഭിച്ച പ്രചോദനമാണ് കാദറിന്റെയും മുഹമ്മദാലിയുടെയും നാമധേയത്തിൽ ഒരു ഫുട്ബാൾ ക്ലബ് രൂപവത്കരിക്കണമെന്ന് ആശയം ഉടലെടുത്തത്. 1961ൽ തന്നെ ക്ലബ് രൂപവത്കരിച്ചു. മുൻ മന്ത്രി ഒ. കോരൻ രക്ഷാധികാരിയും എം.കെ. ഹൈദർ ഖാൻ, എ.എം. മൂസ, എ. നൂർ മുഹമ്മദ്, പി. അയമു, പി. ആലിക്കുട്ടി എന്നിവർ ഔദ്യോഗിക ഭാരവാഹികളുമായാണ് ക്ലബിന്റെ പ്രവർത്തനം ആരംഭിച്ചത്.
അക്കാലത്തെ കേരള നിയമസഭ സ്പീക്കർ സി. എച്ച് മുഹമ്മദ് കോയയാണ് ക്ലബ് ഉദ്ഘാടനം ചെയ്തതത്. ക്ലബിന്റെ ധനശേഖരണാർഥം കാദറിന്റെയും മുഹമ്മദാലിയുടെയും നാമധേയത്തിൽ 1963ൽ പെരിന്തൽമണ്ണ ഹൈസ്കൂൾ മൈതാനം കേന്ദ്രീകരിച്ച് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് തുടങ്ങി. പിൽക്കാലത്ത് പ്രശസ്തനായ മലപ്പുറം മൊയ്തീൻകുട്ടി ആദ്യമായി ടൂർണമെന്റിൽ കളിച്ചത് ഇതിലൂടെയായിരുന്നു. അന്നുമുതൽ മുടക്കം കൂടാതെ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്ന കേരളത്തിലെ ഏക ക്ലബ് കൂടിയാണ് പെരിന്തൽമണ്ണയിലെ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്.
ടൂർണമെന്റിലൂടെ ലഭിക്കുന്ന ലാഭം മുഴുവനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. അശരണരായ കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിവക്കൊക്കെ ക്ലബ് സഹായിക്കുന്നുണ്ട്. പെരിന്തൽമണ്ണ നഗരസഭയിലുള്ള 40 ഓളം വരുന്ന വൃക്കരോഗികൾക്ക് ആശ്വാസമായി പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതി വിജയകരമായി നടന്നുവരുന്നു. കിടപ്പിലായ രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകിവരുന്നു. ടൂർണമെന്റ് സംഘടിപ്പിക്കുന്നതോടൊപ്പം എല്ലാവർഷവും ഫുട്ബാൾ കോച്ചിങ് ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. മണ്ണിൽ ഹസ്സൻ പ്രസിഡന്റും പച്ചീരി ഫാറൂഖ് ജനറൽ സെക്രട്ടറിയും സി.എച്ച്. മുസ്തഫ ട്രഷററുമായ സമിതിയാണ് നിലവിൽ ക്ലബിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.