കോട്ടക്കൽ: വനത്തിലെ ഗുഹയിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ ചോലനായ്ക്കർ വിഭാഗത്തിലെ അമ്മക്കും കുട്ടികൾക്കും ഇനി സുഖമായി ഉറങ്ങാം. മലപ്പുറം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സി.ഡബ്ല്യു.സി) അടിയന്തര ഇടപെടലാണ് തുണയായത്. ഒന്നരയും മൂന്നും അഞ്ചും ആറും വയസ്സുള്ള മക്കൾക്കും അമ്മക്കും രണ്ടത്താണി ശാന്തിഭവനം ചിൽഡ്രൻസ് ഹോമിലാണ് തണലൊരുക്കിയത്. കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. അമ്മക്ക് പ്രത്യേക പരിഗണന നൽകിയാണ് കുട്ടികൾക്കൊപ്പം താമസിക്കാൻ നിർദേശം നൽകിയത്.
നിലമ്പൂർ അച്ഛനളകാട് വനത്തിൽ ഒറ്റപ്പെട്ട നിലയിൽ ഇവരെ വനം വകുപ്പാണ് കണ്ടെത്തിയത്. പിതാവ് വനവിഭവങ്ങൾ ശേഖരിക്കാൻ പോയതാണെന്നാണ് വിവരം. കാണാതായതോടെ തിരഞ്ഞിറങ്ങിയതാണ് കുടുംബം. തുടർന്ന് പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ കഴിഞ്ഞ 18ന് പെരിന്തൽമണ്ണ സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് ഇവരെ മാറ്റി. അഡ്മിനിസ്ട്രേറ്റർ 23നും പട്ടികവർഗ പ്രമോട്ടർ വിനോദിനി 24നും സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.
നിലവിൽ ഗുഹാവാസികളായി തുടരുന്ന വിഭാഗത്തിന് കൃത്യമായ താമസസ്ഥലം ഇല്ലാത്തതിനാലും വനത്തിലെ ജീവിതം സുരക്ഷിതമല്ലാത്തതിനാലും തിരികെ കാട്ടിലേക്കയക്കുന്നത് ഉചിതമല്ലെന്ന് അധികൃതർ തീരുമാനമെടുത്തു. കുട്ടികളെ സംരക്ഷിക്കുന്നതിൽ അമ്മയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്നതും ഒന്നര വയസ്സുള്ള ഇളയകുട്ടിക്ക് മുലയൂട്ടേണ്ട പ്രായമാണെന്ന കാര്യവും കമ്മിറ്റി പരിഗണിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എ. സുരേഷ്, അംഗങ്ങളായ അഡ്വ. പി. ജാബിർ, അഡ്വ. രാജേഷ് പുതുക്കാട്, ഹേമലത ടീച്ചർ, ശ്രീജ എന്നിവരാണ് വിഷയത്തിൽ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.