കോട്ടക്കൽ: അകാലത്തിൽ പൊലിഞ്ഞ സുബേദാർ സജീഷിന് വികാരനിർഭരമായ യാത്രാമൊഴിയേകി നാട്. സജീഷ് പഠിച്ച ചെറുകുന്ന് ബാലപ്രബോധിനി എൽ.പി സ്കൂളിലായിരുന്നു പൊതുദർശനം. ഇവിടെയും വീട്ടിലും അവസാനമായി കാണാനും ആദരാഞ്ജലിയർപ്പിക്കാനും നിരവധി പേരാണ് എത്തിചേർന്നത്.
വിമുക്തഭടനും പിതൃസഹോദരനുമായ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. ഏക സഹോദരൻ രജീഷിന്റെ പുതിയ വീട് മാറ്റത്തിനാണ് കഴിഞ്ഞ മാസം അവസാനമായി നാട്ടിലെത്തിയത്. അവധിയിലെത്തുമ്പോൾ സ്വാതന്ത്ര്യദിന, റിപ്പബ്ലിക് ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സജീഷായിരുന്നു പതാക ഉയർത്താറുള്ളത്.
കോട്ടക്കൽ: സൈനിക ഉദ്യോഗസ്ഥൻ സജീഷിന്റെ മൃതദേഹം വീട്ടിൽ എത്തിക്കാൻ ആംബുലൻസ് ഓടിയത് സൗജന്യമായി. ചെറുകുന്നിലെ സജീഷിന്റെ ബന്ധുവാണ് ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ (എ.ഒ.ഡി.എ) ജില്ല ഭാരവാഹിയായ റഷീദിനെ വിളിച്ച് ആവശ്യം പറയുന്നത്. തുടർന്ന് ഇദ്ദേഹത്തിന്റെ ഫോണിലേക്ക് ഉദ്യോഗസ്ഥൻ വിളിക്കുകയായിരുന്നു. ചെലവ് എത്ര വരുമെന്ന ചോദ്യത്തിന് ഒരുത്തരമേ ഇവർ നൽകിയുള്ളൂ.
ഒന്നും വേണ്ട, ഞങ്ങൾ എവിടേക്ക് വേണമെങ്കിലും വരാം. രാജ്യ സേവനത്തിനിടെ ജീവൻ ത്യജിച്ച ഒരു പട്ടാളക്കാരന് വേണ്ടി ഇതെങ്കിലും ഞങ്ങൾ ചെയ്യേണ്ടെയെന്നായിരുന്നു റഷീദ് പറഞ്ഞത്. വ്യോമസേനയുടെ വിമാനത്തിൽ സൈനികരുടെ അകമ്പടിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം അവിടെനിന്ന് പിന്നീട് ഒതുക്കുങ്ങൽ ചെറുകുന്നിലെ വീട്ടിലേക്കുമാണ് ആംബുലൻസിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കും പിന്നീട് വീട്ടിലേക്കും സംഘടനക്ക് കീഴിലുള്ള രണ്ട് ആംബുലൻസുകളാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.