കോട്ടക്കൽ: മലബാറിലെ വിവിധ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാറമ്മൽ കുടുംബാംഗങ്ങൾ ആഹ്ലാദത്തിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തോളം കുടുംബാംഗങ്ങളാണ് ജനവിധി തേടിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽനിന്നുമാത്രം തിരൂർ, താനൂർ, കോട്ടക്കൽ, വേങ്ങര, പെരിന്തൽമണ്ണ, മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽനിന്നായി പതിമൂന്നോളം അംഗങ്ങളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ ആറു പേർ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു.
മറ്റുള്ളവർ ഇതര ജില്ലയിലുള്ളവരാണ്. ഇതിൽ ഒരാൾ എൽ.ഡി.എഫും മറ്റു അഞ്ച് പേർ യു.ഡി.എഫുമാണ്. ഒരാൾ നഗരസഭയിലേക്കും അഞ്ചുപേർ പഞ്ചായത്തിലുമാണ് ജയിച്ചു കയറിയത്. മൂന്ന് പുരുഷന്മാരും അത്രയും വനിതകളും ജയിച്ചത് കുടുംബത്തിന് ഇരട്ടി മധുരമായി.
കോട്ടക്കൽ നഗരസഭ രണ്ടാംവാർഡായ ചുണ്ടയിൽ സുലൈമാൻ പാറമ്മലാണ് വിജയിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്ത് അഞ്ചാം വാർഡ് വലമ്പൂരിൽ 615 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു യു.ഡി.എഫിലെ അഷ്റഫ് പാറമ്മലിന്റെ ജയം. തിരുനാവായ പഞ്ചായത്ത് പത്തൊമ്പതാം വാർഡ് എടക്കുളത്ത് യു.ഡി.എഫ് സ്ഥാനാർഥിയായാണ് വഹാബ് പാറമ്മൽ തെരഞ്ഞെടുക്കപ്പെട്ടത്.
മാറാക്കര ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ ഉമ്മു ഹബീബ പാറമ്മലാണ് വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു. വളവന്നൂർ പഞ്ചായത്തിൽ സുൽഫത്ത് പാറമ്മൽ വാർഡ് 17ൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയാണ്. ഊരകം പഞ്ചായത്ത് 15ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി ജയിച്ചത് പാറമ്മൽ സെബി ഹുസൈനായിരുന്നു.
സുലൈമാൻ രണ്ടാം തവണയാണ് നഗരസഭയിലേക്ക് വിജയിക്കുന്നത്. മറ്റുള്ളവരുടേത് കന്നിയങ്കമാണ്. ബ്ലോക്ക്, ഇതര പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിച്ച ഏഴുപേർ പരാജയപ്പെട്ടു. പാലക്കാട്, വയനാട് ജില്ലകളിൽ മത്സരിച്ചവരിലും വിജയിച്ച കുടുംബാംഗങ്ങളുണ്ട്.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന പാറമ്മൽ കുടുംബ കൂട്ടായ്മ ഓരോ വർഷവും നിർധനർക്ക് ഒരു വീട് നിർമിച്ചു കൊടുക്കുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിലെ അമ്മത്തൊട്ടിൽ പുനർനിർമിച്ചതും കൂട്ടായ്മയാണ്. പി.കെ.എം. ഹുസൈൻ ഹാജി, കുഞ്ഞിപ്പ ഹാജി കീഴാറ്റൂർ, ഹസ്സൻകുട്ടി ഹാജി മുന്നിയൂർ, ഹമീദ് പാറമ്മൽ എന്നിവരാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.