കോട്ടക്കൽ: ആറുവരിപ്പാതയെന്ന സ്വപ്ന പദ്ധതിക്ക് ഭൂമിയും ഏകവഴിയും വിട്ടുകൊടുത്ത് സ്വന്തമായി വീട് നിർമിക്കാൻ പോലും കഴിയാതെ തീരാദുരിതത്തിലായ ഓട്ടോ ഡ്രൈവർക്ക് സുരക്ഷ സംവിധാനമൊരുക്കുമെന്ന് ദേശീയപാത നിർമാണ കമ്പനിയായ കെ.എൻ.ആർ.സി. എടരിക്കോട് ചെറുശ്ശോലയിലെ ഇല്ലിക്കൽ അബ്ദുൽ മജീദിന്റെ ദുരിതം കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പിന്നാലെയാണ് നടപടി.
എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസലുദ്ദീൻ തയ്യിൽ, വാർഡ് അംഗം കെ. മജീദ്, നിർമാണ കമ്പനിയായ കെ.എൻ.ആർ.സി പ്രതിനിധി ശേഷു എന്നിവർ മജീദിന്റെ വീടും പരിസരവും സന്ദർശിച്ചു. വ്യാഴാഴ്ച വൈകീട്ടെത്തിയ സംഘം മജീദിന്റെ ദുരിതം ചോദിച്ചറിഞ്ഞു. തറയുടെ നിർമാണം പൂർത്തിയായെങ്കിലും വീട് നിർമിക്കാൻ കഴിയാത്തതിന്റെ കാരണം മജീദ് വിശദീകരിച്ചു.
തറവാട് വീടിനോട് ചേർന്ന് ഏറെ ഉയരത്തിൽ കടന്നുപോകുന്ന പാതക്ക് താഴെയുള്ള ഓവുചാൽ സംവിധാനമാണ് കുടുംബത്തിന് തിരിച്ചടിയായത്. മഴ പെയ്യുന്നതോടെ മണ്ണും പാതയിൽ നിന്നുള്ള മലിനജലവും മുറ്റത്തേക്കും കിണറിലേക്കും ഒഴുകിയെത്തുന്ന സ്ഥിതിയാണ്. പാതക്ക് താഴെ സർവിസ് റോഡ് ഉണ്ടാകുമെന്ന അധികൃതരുടെ ഉറപ്പും പാഴ് വാക്കായതോടെ വീട്ടിലേക്കുണ്ടായിരുന്ന നടവഴിയും ഇല്ലാതായി.
ആശുപത്രിയിലേക്കും മറ്റും അടിയന്തരാവശ്യങ്ങൾക്ക് പോകാനും കഴിയുന്നില്ല. തറക്ക് അടിയിലൂടെ തറവാടിന്റെ മുറ്റത്തേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നതിനാൽ അപകട ഭീഷണിയിലാണ് കുടുംബം. വീടിന് മുന്നിലായി പാതക്ക് താഴെ സുരക്ഷ മതിൽ നിർമിക്കുമെന്നാണ് അധികൃതർ നൽകിയ ഉറപ്പ്. മഴ കുറയുന്നതോടെ നിർമാണ പ്രവൃത്തികൾക്ക് തുടങ്ങും. എത്രയും പെട്ടെന്ന് പ്രവൃത്തികൾ പൂർത്തിയാക്കും. ഇപ്പോൾ വീട് നിൽക്കുന്ന ഭാഗത്തേക്ക് വെള്ളം ഇറങ്ങാതിരിക്കാൻ മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കല്ലും മണ്ണും കൊണ്ട് ഉയർത്തിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.