ഉദ്ഘാടനത്തിനൊരുങ്ങിയ കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ്
കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം നാളെകോട്ടക്കല്: ആയുര്‍വേദ നഗരത്തിന്റെ സ്വപ്നസാഫല്യമായ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് വെള്ളിയാഴ്ച മന്ത്രി എം.ബി. രാജേഷ് നാടിന് സമര്‍പ്പിക്കും. 27 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കം പൂര്‍ത്തിയായതായി കോട്ടക്കല്‍ നഗരസഭ ചെയര്പേഴ്സൻ ബുഷ്റ ഷബീര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി സംബന്ധിക്കും. എം.പി. അബ്ദുസ്സമദ് സമദാനി എം.പി രേഖ കൈമാറും.
നിലവിലുണ്ടായിരുന്ന കച്ചവടക്കാര്‍ക്ക് പുതിയ കെട്ടിടത്തില്‍ മുന്‍ഗണനയുണ്ടെന്നും വ്യാപാരികളെ ചേര്‍ത്തുപിടിച്ചാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്നും ചെയര്പേഴ്സൻ അറിയിച്ചു. പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് ഷോപ്പിങ് കോംപ്ലക്സ് യാഥാർഥ്യമാക്കിയത്. യാത്രാസൗകര്യത്തിനായി സ്റ്റാന്‍ഡിന്റെ അരികുവശത്തെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടി. ബസുകള്‍ക്ക് കടന്നുവരാനും പോകാനുമുള്ള സംവിധാനം, 104 മുറികള്‍, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, വാഹന പാര്‍ക്കിങ് എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.
കേരള അര്‍ബന്‍ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് വായ്പ എടുത്താണ് നിർമാണം. നഗരത്തിന്റെ ഹൃദയഭാഗത്ത് സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിക്കുന്നത് വ്യാപാരികളടക്കമുള്ളവര്‍ക്ക് അതിജീവനത്തിന്റെ പാതയാണ്. വാര്‍ത്തസമ്മേളനത്തില്‍ ഉപാധ്യക്ഷന്‍ പി.പി. ഉമ്മര്‍, പ്രതിപക്ഷ കക്ഷിനേതാവ് ടി. കബീര്‍, സ്ഥിരം സമിതി അധ്യക്ഷൻ ആലമ്പാട്ടില്‍ റസാഖ്, പി. മറിയാമു, സെക്രട്ടറി കുമാര്‍ എന്നിവരും പങ്കെടുത്തു.
കോട്ടക്കൽ: ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടന ചടങ്ങുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ഭാരവാഹികൾ. പഴയ സ്റ്റാൻഡ് കെട്ടിടത്തിൽ ഉണ്ടായിരുന്ന കച്ചവടക്കാർക്ക് പുതിയ കെട്ടിടത്തിൽ നേരിയ വാടക വർധനവ് മാത്രമാണ് ഉണ്ടാവുകയെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. നിലവിലെ 24 കച്ചവടക്കാർ 15 ലക്ഷം രൂപ വീതവും ഒന്നാം നിലയിലുള്ള 11 കച്ചവടക്കാർ അഞ്ച് ലക്ഷം രൂപയും അടച്ചവരാണ്. പുനർനിർമാണത്തിന് വേണ്ടി ഒഴിഞ്ഞുകൊടുക്കുന്ന സമയത്ത് ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനം. കാലാനുസൃതമായ വാടക കൂട്ടിക്കൊടുക്കാൻ വ്യാപാരികൾ തയാറാണ്.
നഗരസഭയുടെ ഭാഗത്തുനിന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഈ സമീപനത്തിലേക്ക് നീങ്ങിയതെന്ന് യൂനിറ്റ് പ്രസിഡന്റ് എസ്.ആർ. റഷീദ്, ജനറൽ സെക്രട്ടറി മുസ്തഫ ബ്രദേഴ്സ് എന്നിവർ അറിയിച്ചു. സ്ഥാപനങ്ങൾ അടച്ചുപൂട്ടി ലൈസൻസ് റദ്ദ് ചെയ്യുമെന്നുള്ള നോട്ടീസ് വ്യാപാരികൾക്ക് നൽകിയിരിക്കുകയാണ്. ഷാനവാസ് വടക്കെതിൽ, കെ. സൈനുദ്ദീൻ, ശിഹാബ് മെസേജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കോട്ടക്കല്‍: വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കോട്ടക്കല്‍ ബസ് സ്റ്റാന്‍ഡിനെ സ്വാഗതം ചെയ്ത് കേരള വ്യാപാരി വ്യവസായി സമിതി കോട്ടക്കല്‍ യൂനിറ്റ്. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഗതാഗത കുരുക്കിനും വ്യാപാര മാന്ദ്യത്തിനും ഇതോടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. നാല് വര്‍ഷത്തോളമായി ബസ് സ്റ്റാന്‍ഡ് നിർമാണത്തെ തുടർന്നും അതിന് മുമ്പുള്ള കോവിഡ് വ്യാപനം കാരണവും വളരെയധികം കഷ്ടത അനുഭവിച്ചവരാണ് വ്യാപാരികള്‍. നീണ്ട കാത്തിരിപ്പിന് ശേഷം യഥാർഥ്യമാകുന്ന കോട്ടക്കലിന്റെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനം വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും ഗുണകരമാകും.
വാര്‍ത്തസമ്മേളനത്തില്‍ ഏരിയാ പ്രസിഡന്റ് ടി. ഷംസു, യൂനിറ്റ് സെക്രട്ടറി കെ.പി. സുബൈര്‍, ഫൈസല്‍ അടാട്ടില്‍, എ.ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.