ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സി​ൽ പ​​ങ്കെ​ടു​ക്കുന്ന മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ്​ ആ​ല​ത്തൂ​ർ​പ​ടി എ.​പി.​എം ക​ള​രി​യി​ൽ മ​ല​പ്പു​റം ഇ​ൻ​സ്​​പെ​ക്ട​ർ ജോ​ബി​ തോ​മ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഖേലോ ഇന്ത്യ: കളരി പയറ്റാൻ മലപ്പുറത്തുനിന്ന് 13 പേർ

മലപ്പുറം: സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനും നടത്തുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇത്തവണ മത്സരയിനമായി ഉൾപ്പെടുത്തിയ കളരിപ്പയറ്റിൽ പങ്കെടുക്കാൻ കേരളത്തിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ പോകുന്നത് മലപ്പുറം ജില്ലയിൽനിന്ന്. സംസ്ഥാനത്തുനിന്ന് 84 മത്സരാർഥികളാണ് ഹരിയാനയിലെ പഞ്ച്ഗുളിയിലേക്ക് പോകുന്നത്. ഇതിൽ 13 പേരും മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ്.

10 മുതൽ 16 വയസ്സ് വരെയുള്ള വിഭാഗങ്ങളിലായി 13 സംസ്ഥാനത്തുനിന്നുള്ള 192 കുട്ടികളാണ് മാറ്റുരക്കുക. മെയ്പയറ്റ്, നെടുവടി പയറ്റ്, ഉറുമി വീശൽ, ചവിട്ടിപ്പൊങ്ങൽ, വാളും പരിചയും, ചുവടുകൾ ഇനങ്ങളിലാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷം പ്രദർശന ഇനമായി കളരിപ്പയറ്റ് ഉണ്ടായിരുന്നെങ്കിലും ഈ വർഷമാണ് മത്സരയിനം എന്ന നിലക്ക് യൂത്ത് ഗെയിംസിൽ ഉൾപ്പെടുത്തുന്നത്. രാജ്യത്തെ പാരമ്പര്യ കായിക കലകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കളരിപ്പയറ്റിന് പുറമെ മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള മല്ലംഖംബ, പഞ്ചാബിന്‍റെ ഗട്ക, മണിപ്പൂരിന്‍റെ താങ്താ എന്നിവയും മത്സരയിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗയും ഇത്തവണ മത്സരയിനമാണ്. ഈ മാസം 10, 11, 12 തീയതികളിലാണ് മത്സരം. മലപ്പുറം ജില്ലയിൽനിന്നുള്ള സംഘം ഞായറാഴ്ച വൈകീട്ട് 4.30ഓടെ തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര തിരിച്ചു. മേൽമുറി ആലത്തൂർപടി എ.പി.എം കളരിയിൽനിന്നാണ് ഏറ്റവും കൂടുതൽ മത്സരാർഥികൾ ജില്ലയെ പ്രതിനിധാനംചെയ്യുന്നത്. ഇവിടെനിന്നുള്ള ശ്രേയ ഭജിത്താണ് പെൺകുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി. കൈലാസാണ് ആൺകുട്ടികളിൽ പ്രായം കുറഞ്ഞയാൾ. താരങ്ങൾക്കുള്ള യാത്രച്ചെലവും ഭക്ഷണച്ചെലവും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) വഹിക്കും. 

Tags:    
News Summary - Khelo India: 13 students from Malappuram to attend kalari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.