കുന്നംകുളം: പഠിച്ചപ്പോൾ നേടിക്കൊടുക്കാനാകാത്തത് കഠിനാധ്വാനത്തിലൂടെ വിദ്യാലയത്തിന് ‘ഗുരുദക്ഷിണയായി’ നൽകി ആമിർ സുഹൈൽ. മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിന് ചരിത്രത്തിൽ ആദ്യമായി ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണവും വെള്ളിയും നേടി നൽകാൻ പരിശീലനത്തിലൂടെ സാധിച്ചസന്തോഷത്തിലാണ് ഇദ്ദേഹം. എം.പി. മുഹമ്മദ് അമീനും കെ.സി. മുഹമ്മദ് ജസീലുമാണ് യഥാക്രമം സ്വർണവും വെള്ളിയുംകൊയ്തത്.
10ാം തരം വരെ ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർഥിയായിരുന്നു അഴീക്കോട് സുലമുസ്സലാം സയൻസ് കോളജിലെ താൽക്കാലിക കായികാധ്യാപകനായ ആമിർ. പഠിച്ചിരുന്ന കാലത്ത് കാര്യമായ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചില്ല. എന്നാൽ, മികച്ച താരങ്ങളെ വാർത്തെടുക്കണമെന്ന ആമിറിന്റെ നീക്കത്തെ സ്കൂളിലെ കായികാധ്യാപകനായ മുനീർ ബാബുവും പിന്തുണച്ചതോടെ കെ.കെ.എം.എച്ച്.എസ്.എസ് നേട്ടത്തിലേക്ക് ഓടിക്കയറി. വൻ സ്കൂളുകളുടെ കുത്തക തകർത്തായിരുന്നു മുഹമ്മദ് അമീന്റെയും മുഹമ്മദ് ജസീലിന്റെയും പ്രകടനം. ജില്ല സ്കൂൾ കായികമേളയിലെ ഒന്നാം സ്ഥാനം സംസ്ഥാനതലത്തിലും അമീൻ കാത്തപ്പോൾ, ജസീർ ജില്ലതലത്തിലെ മൂന്നാം സ്ഥാനമാണ് കുന്നംകുളത്ത് രണ്ടിലെത്തിച്ചത്.
കിഴിശ്ശേരി കടുങ്ങല്ലൂർ വാച്ചാപ്പുറം അബ്ദുറഹ്മാൻ-മുനീറ ദമ്പതികളുടെ മകനാണ് അമീൻ. ചീക്കോട് കളത്തിങ്കൽ ചിറ്റാർപറ്റ ജമാൽകുട്ടി-സഫറീന ദമ്പതികളുടെ മകനാണ് ജസീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.