ഇസ്ലാമിക് മിഷൻ ട്രസ്റ്റിന് കീഴിലെ ജീവനക്കാരുടെ ഒത്തുചേരൽ ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു
ശാന്തപുരം: ജീവിതപാഠങ്ങളും നൈതികതയും പകർന്നുകൊടുക്കുന്ന അധ്യാപകരാണ് പുതുതലമുറയുടെ ജീവിതദൗത്യം നിർണയിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അമീർ എം.ഐ. അബ്ദുൽ അസീസ്. പുതിയ പാഠ്യപദ്ധതി പരിഷ്കാരങ്ങളിലൂടെയും ജെൻഡർ ന്യൂട്രാലിറ്റി ആശയങ്ങളിലൂടെയും നവലിബറൽ ചിന്താഗതികൾ വിദ്യാർഥികളിൽ അടിച്ചേൽപിക്കുന്നത് മൂല്യബോധമുള്ള തലമുറയുടെ നിരാകരണത്തിന് കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമിക് മിഷൻ ട്രസ്റ്റിന് കീഴിലെ സ്ഥാപന ജീവനക്കാരുടെ ഒത്തുചേരൽ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ട്രസ്റ്റ് സെക്രട്ടറി എം.ടി. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. അൽജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വണ്ടൂർ വനിത ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുലൈഖ ടീച്ചർ സംസാരിച്ചു. മികച്ചനേട്ടം കൈവരിച്ച ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ കെ.കെ. മമ്മുണ്ണി മൗലവി, പ്രഫ. പി. ഇസ്മായിൽ, ഡോ. അബ്ദുസ്സലാം അഹ്മദ് എന്നിവർ വിതരണം ചെയ്തു.
വിവിധ സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ കെ.പി. യൂസുഫ് മാസ്റ്റർ സ്വാഗതവും ഡോ. വി.എം. സാഫിർ ഖിറാഅത്തും എ.ടി. ഷറഫുദ്ദീൻ സമാപന പ്രഭാഷണവും നിർവഹിച്ചു. ട്രസ്റ്റിനുകീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.