പ്രതീകാത്മക ചിത്രം
മലപ്പുറം: സംസ്ഥാന സാക്ഷരത മിഷന്റെ തുല്യത കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷനിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ പഠിതാക്കളുടെ നാലിലൊന്നുപോലും ഇത്തവണ പത്ത്, പ്ലസ്വൺ പഠനത്തിന് ചേർന്നിട്ടില്ല. ഇതേതുടർന്ന് തുല്യത രജിസ്ട്രേഷനുള്ള അവസാന തീയതി ഏഴാം തവണയും സാക്ഷരത മിഷൻ നീട്ടി.
ഫീൽഡിൽ പ്രേരക്മാരുടെ അസാന്നിധ്യമാണ് രജിസ്ട്രേഷൻ കുത്തനെ കുറയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. തുല്യത കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ സാധാരണ എല്ലാ വർഷവും മാർച്ചിൽ തുടങ്ങി ജൂൺ-ജൂലൈ മാസങ്ങളിൽ അവസാനിക്കുകയാണ് പതിവ്. പഠിതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുള്ളതിനാൽ ഇത്തവണ ഏഴു തവണയാണ് രജിസ്ട്രേഷനുള്ള സമയം നീട്ടിയത്. ഏറ്റവും ഒടുവിൽ ആഗസ്റ്റ് 30 വരെ സമയം നീട്ടിനൽകിയിട്ടുണ്ട്.
സാക്ഷരത മിഷനു കീഴിൽ സംസ്ഥാനത്ത് 1700ലേറെ പ്രേരക്മാരുണ്ട്. ഇവരാണ് ഫീൽഡിൽ സാക്ഷരത-തുല്യത പഠിതാക്കളുടെ രജിസ്ട്രേഷനും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചിരുന്നത്.
സാക്ഷരത മിഷനെ തദ്ദേശ വകുപ്പിനു കീഴിലേക്ക് മാറ്റിക്കൊണ്ടുള്ള തീരുമാനം കഴിഞ്ഞ വർഷം സർക്കാർ കൈക്കൊണ്ടപ്പോൾ പ്രേരക്മാരായി പ്രവർത്തിച്ചിരുന്ന മുഴുവൻ പേരെയും ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുനർവിന്യസിച്ചു. നിലവിൽ പ്രേരക്മാർക്കുള്ള ഓണറേറിയത്തിന്റെ 60 ശതമാനം ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനവും ബാക്കി തുക സാക്ഷരത മിഷനുമാണ് നൽകുന്നത്.
നിലവിൽ ഗ്രാമപഞ്ചായത്ത്/മുനിസിപ്പൽ ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രേരക്മാരെ അധികൃതർ മറ്റു ജോലികളാണ് ഏൽപിക്കുന്നത്. മാലിന്യമുക്ത പ്രവർത്തനങ്ങൾ മുതൽ വോട്ടർപട്ടിക ഹിയറിങ് വരെയുള്ള ജോലികളിൽ ഇവരെ നിയോഗിക്കുന്നുണ്ടത്രെ. ഇതുമൂലം തുല്യത രജിസ്ട്രേഷന് സമയം കിട്ടുന്നില്ലെന്നാണ് പ്രേരക്മാരുടെ പരാതി. സാക്ഷരത മിഷന്റെ നിർദേശം അവഗണിക്കുന്ന പ്രേരക്മാരുമുണ്ട്.
പ്രേരക്മാരെ തദ്ദേശസ്ഥാപനങ്ങളിൽ പുനർവിന്യസിച്ചുള്ള തീരുമാനമുണ്ടായപ്പോൾ സാക്ഷരത മിഷന്റെ ഫീൽഡ് പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്ന ഉറപ്പ് അവർ നൽകിയിരുന്നു. ഇതുപ്രകാരമാണ് ഓണറേറിയത്തിന്റെ 40 ശതമാനം സാക്ഷരത മിഷൻ നൽകിവരുന്നത്.
പ്രേരക്മാർ നിസ്സഹകരണം തുടർന്നാൽ സർക്കാറിനെ പരാതി അറിയിക്കാനാണ് സാക്ഷരത മിഷന്റെ നീക്കം. നാല്, ഏഴ് തുല്യത രജിസ്ട്രേഷനിലും ഇത്തവണ ഗണ്യമായ കുറവുള്ളതിനാൽ സാക്ഷരത-തുല്യതപഠന പഠനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.