മലപ്പുറം: ‘ഓപറേഷൻ മത്സ്യ’യുടെ ഭാഗമായി എടക്കരയിൽ 27 കിലോ പഴകിയ മത്സ്യം പിടികൂടിയതിനെ തുടർന്ന് ജില്ലയിൽ ഭക്ഷ്യവകുപ്പ് പരിശോധന ശക്തമാക്കി. അഞ്ച് സ്ക്വാഡുകളാക്കി തിരിച്ച് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടരുകയാണ്. സംസ്ഥാനത്ത് പരിശോധന ശക്തമാക്കാൻ കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷ കമീഷണർ നിർദേശം നൽകിയിരുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് കൂടുതൽ ബോട്ടുകൾ കടലിൽ പോകാത്തതിനാൽ പഴകിയ മത്സ്യം വ്യാപകമായി കച്ചവടത്തിന് എത്തുന്നതായി വിവരമുണ്ട്.
ഇതേതുടർന്ന് മത്സ്യ ഹാര്‍ബറുകള്‍, ലേല കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ചെക്പോസ്റ്റുകള്‍, വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.പെരുന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട് ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയിരുന്നു.
ഇതിൽ പഴകിയതും കേടുവന്നതുമായ ഭക്ഷണം വിളമ്പിയ ഹോട്ടലുകൾക്കെതിരെ പിഴയീടാക്കി. ഫുഡ് സേഫ്റ്റി ഓഫിസർമാരുടെ നേതൃത്വത്തിൽ നേരിട്ടാണ് പരിശോധന. ഭക്ഷ്യവിഷബാധയേറ്റ് ജില്ലയിൽ ഇതുവരെ അഞ്ഞൂറോളം പേരാണ് ചികിത്സ തേടിയത്. കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ച എട്ട് സംഭവങ്ങളിലാണിത്. ഈ വർഷം 24 പേർക്ക് കോളറയും മൂന്നുപേർക്ക് വീതം ഷിഗല്ലെയും ഹെപ്പറ്റൈറ്റിസ് എയും ഒരാൾക്ക് ടൈഫോഴ്ഡും ബാധിച്ചു. സമയബന്ധിതമായി ചികിത്സ ഉറപ്പാക്കിയതിനാൽ മരണം ഒഴിവാക്കാനായി. കഴിഞ്ഞമാസം കാലടിയിൽ വിവാഹ വിരുന്നിനിടെ കുടിവെള്ളത്തിലൂടെ 145 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതിൽ രണ്ടുപേർക്ക് ഷിഗെല്ലെയും ആറുപേരിൽ നോറോ വൈറസ് സാന്നിധ്യവും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.