താനൂർ ഒട്ടുമ്പുറം തൂവൽ തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും
വി. അബ്ദുറഹ്മാനും ആദ്യയാത്ര നടത്തുന്നു.
താനൂർ: സാഹസികടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി താനൂർ ഒട്ടുംപുറം തൂവൽതീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവർത്തനമാരംഭിച്ചു.
പൊതുമരാമത്ത് , ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഫ്ലോട്ടിങ് ബ്രിഡ്ജ് ഒരുക്കിയത്. തീരദേശ റോഡ് യാഥാർഥ്യമാകുന്നതോടെ മേഖലയിൽ വലിയതോതിലുള്ള ടൂറിസം സാധ്യതകൾ കൈവരുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. സാഹസിക ടൂറിസത്തിന്റെ ഭാഗമായി കായിക വിനോദങ്ങൾ കൂടി ഒട്ടുംപുറം തൂവൽതീരത്ത് ഒരുക്കുമെന്നും മൂന്നു വർഷത്തിനകം ജില്ലയിലെ മികച്ച ടൂറിസം കേന്ദ്രമാക്കി ഒട്ടുംപുറത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ദീൻ സംസാരിച്ചു. കലക്ടർ വി.ആർ. പ്രേംകുമാർ സ്വാഗതവും അനിൽ തലപ്പള്ളി നന്ദിയും പറഞ്ഞു.
നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ. സുബൈദ, താനാളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, നഗരസഭ കൗൺസിലർമാരായ കെ.പി. നിസാമുദ്ദീൻ, ഇ.കുമാരി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി, ഡി.ടി.പി.സി എക്സിക്യൂട്ടീവ് അംഗം വി.പി. അനിൽ, ഡി.ടി.പി.സി സെക്രട്ടറി പി.വിപിൻ ചന്ദ്ര, സമദ് താനാളൂർ തുടങ്ങിയവരും സംബന്ധിച്ചു. കടലിൽ 100 മീറ്ററോളം കാൽനടയായി യാത്ര ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ 10 മുതൽ വൈകീട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശനഫീസ്.
ഫൈബർ എച്ച്ഡിപിഇ വിദേശനിർമിത പാലത്തിൽ ഇന്റർലോക്ക് കട്ടകളുടെ മാതൃകയിൽ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് പാലം സജ്ജീകരിച്ചിരിക്കുന്നത്. മൂന്നു മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാന ഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലുമാണ് ഒഴുകുന്ന കാഴ്ച കാണാനുള്ള പ്ലാറ്റ്ഫോം നിർമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.