പരപ്പനങ്ങാടി: ഓരോ കുടുംബനാഥനും ആഴക്കടലിൽ ഉപജീവനം തേടിയിറങ്ങുമ്പോൾ കരയിലെ ഒരോ കുടുംബവും അവരുടെ തിരിച്ചുവരവ് പ്രത്യാശയോടെയാണ് ഉറ്റു നോക്കുന്നത്. എന്നാൽ, വല നിറഞ്ഞുവരുന്ന മത്സ്യത്തേക്കാൾ, കടലലകളോട് മല്ലിട്ട് തിരിച്ചുവരുന്ന പ്രിയതമനെ കണ്ണുനട്ടിരിക്കുന്ന ജീവിത പങ്കാളികൾ, ഉപ്പച്ചിമാരുടെ സ്നേഹവാത്സ്യം കൊതിക്കുന്ന മക്കൾ, തിരിച്ചെത്തുവോളം കണ്ണുംനട്ടിരിക്കുന്ന മാതാപിതാക്കൾ എന്നിവരുടെ പ്രാർഥന നിർഭരമായ കാത്തിരിപ്പിന്റെ കണ്ണീർ, സന്തോഷ കടലിരമ്പങ്ങൾ എന്നിങ്ങനെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മാത്രമറിയാവുന്ന സ്വകാര്യ വികാരങ്ങളുണ്ട്.
അത്തരമൊരു സങ്കട കടലിരമ്പമാണ് ഇന്നലെ ആലുങ്ങൽ കടപ്പുറത്ത് അലയടിച്ചത്. ഭാര്യയേയും പറക്കമുറ്റാത്ത ഇരട്ട കുഞ്ഞുങ്ങളെയും തനിച്ചാക്കി കടലമ്മയുടെ മടിത്തട്ടിൽ അന്ത്യശ്വാസം വലിച്ച യുവ മത്സ്യത്തൊഴിലാളി മുഹമ്മദ് സഹീറിന്റെ അപകട മരണം പൊന്നാനി മുതൽ കടലുണ്ടി നഗരം വരെയുള്ള ജില്ലയിലെ മൊത്തം തീരദേശവാസികളെ സങ്കട കടലിലാഴ്ത്തിയിരിക്കുകയാണ്.
പൊന്നാനി ഭാഗത്തെ ആഴക്കടലിൽ മീൻപിടിക്കാൻ വല വീശുന്നതിനിടെ റിങ് കയർ കാലിൽ കുരുങ്ങിയാണ് സഹീർ അപകടത്തിലേക്കെറിയപ്പെട്ടത്. ചെട്ടിപ്പടിയിലെ മർകൽ ബുഷറ ചുണ്ടൻ ഫൈബർ വെള്ളത്തിലെ തൊഴിലാളിയാണ് സഹീർ. പരമ്പരാഗത മത്സ്യത്തൊഴിലാളിയായ അഷറഫാണ് പിതാവ്. താനൂർ ഫകീർ ബീച്ചിലെ പരീകടവത്ത് അലിക്കുട്ടിയുടെ മകൾ ഷഹ്നാസാണ് ഭാര്യ. പാവപ്പെട്ട കുടുംബത്തിന്റെ ആശ്രയമായിരുന്നു മരിച്ച സഹീറെന്ന് പരപ്പനങ്ങാടി നഗരസഭ മുൻ വൈസ് ചെയർപേഴ്സനും നഗരസഭ കൗൺസിലറുമായ ഷഹർ ബാനുവും വാർഡ് കൗൺസിലർ കെ.സി. നാസറും അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.