അങ്ങാടിപ്പുറം: പഴയ ടി.വി, ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ കയറ്റി പോവുകയായിരുന്ന മിനി പിക് അപ് ലോറിക്ക് തീ പിപിടിച്ച് ചരക്ക് കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നിന് അങ്ങാടിപ്പുറം ടൗണിനു സമീപം പരിയാപുരം റോഡിലാണ് സംഭവം. മുക്കത്തുനിന്ന് പട്ടാമ്പിയിലേക്ക് കൊണ്ടുപോവുകയായിരുന്നു വാഹനത്തിലുളള സാധനങ്ങൾ. തീപിടിത്തത്തിൽ ലോറിയിലെ പഴയ ഫ്രിഡ്ജുകളും വാഷിങ് മെഷീനുകളും മിക്കതും കത്തി നശിച്ചു.
അങ്ങാടിപ്പുറം പരിയാപുരം റോഡിലേക്ക് കയറിയ ഉടനെയാണ് തീ കത്തിയത്. ഇതിന്റെ കുറച്ചു മുമ്പ് തന്നെ വാഹനത്തിന്റെ പുറകിൽനിന്ന് പുക വരുന്നതായി കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ ധനകാര്യ സ്ഥാപനത്തിൽ നിന്നും മറ്റൊരു കടയിൽ നിന്നും അഗ്നി രക്ഷാ ഉപകരണങ്ങൾ എടുത്താണ് പെട്ടെന്ന് തന്നെ തീയണച്ചത്. നാട്ടുകാരും ഓട്ടോറിക്ഷ ജീവനക്കാരും വ്യാപാരികളും തീയണക്കാൻ സഹായിച്ചു. ഉടൻ തന്നെ പെരിന്തൽമണ്ണയിൽനിന്ന് ഫയർഫോഴ്സ് യൂനിറ്റും എത്തി. അപ്പോഴേക്കും നാട്ടുകാർ ഏറെക്കുറെ തീയണച്ചു.
ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാൻ സഹായിച്ചു. വാഹനത്തിൽ അട്ടിയിട്ട് വെച്ച പഴയ ഉപകരണങ്ങൾക്ക് തീ പടർന്നതോടെ അവ കുലുക്കിയും ഇളക്കിയും താഴെ വീഴ്ത്താൻ ശ്രമം നടത്തിയാണ് കൂടുതൽ തീ പടരാതെ നോക്കിയത്. അതേസമയം വാഹനത്തിലേക്ക് തീപടരാത്തത് ആശ്വാസമായി. സാമൂഹിക പ്രവർത്തകൻ ഷബീർ മാഞ്ഞാമ്പ്ര പിറകിൽ തീ പടർന്നു തുടങ്ങിയ വാഹനത്തിൽ വാതിലുകൾ തുറന്നിട്ട ശേഷം കയറി പലവട്ടം മുമ്പോട്ടും പിറകിലേക്കും എടുത്ത് തീ പടർന്ന വസ്തുക്കൾ താഴെ വീഴ്ത്തുകയായിരുന്നു.
അതിനാലാണ് കൂടുതൽ സാധനങ്ങളിലേക്കോ വാഹനത്തിന്റെ ബോഡിയിലേക്കോ തീ പടരാതായത്. തീ പടർന്ന വാഹനത്തിനു പിറകിൽ മറ്റൊരു വാഹനത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് പോവുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തമടക്കം സമാന ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി പരിചയമുള്ളയാളാണ് ഷബീർ. അതിനു മുമ്പ് ചരക്ക് കെട്ടിവെച്ച കയർ കത്തി ഉപയോഗിച്ച് മുറിച്ചു. തീ പടർന്ന വസ്തുക്കൾ വീഴ്ത്തിയ ശേഷം അഗ്നിശമന സംവിധാനമുള്ള കടക്ക് മുമ്പിലേക്ക് വാഹനം എത്തിച്ചാണ് തീ പൂർണമായും അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.