മേലാറ്റൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനയുടെ മാലിന്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തം
മേലാറ്റൂർ: ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനയുടെ മാലിന്യ സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. അരലക്ഷത്തോളം രൂപയും ഓഫിസ് രേഖകളും ഫർണിച്ചറുകളും പൂർണമായി കത്തി ചാമ്പലായി. തീപിടിത്തമുണ്ടായ സമയത്ത് ഹരിതകർമ സേനാംഗങ്ങൾ കേന്ദ്രത്തിനകത്ത് ഇല്ലാതിരുന്നതിനാൽ ആളപായമില്ല. തിങ്കളാഴ്ച ഉച്ചക്ക് 2.30നാണ് മേലാറ്റൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപമുള്ള എം.സി.എഫിൽ തീപിടുത്തമുണ്ടായത്.
തീ പടരാനുണ്ടായ കാരണം വ്യക്തമല്ല. 23 ഹരിതകർമ സേനാംഗങ്ങളാണ് പഞ്ചായത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ പതിവായി പത്തോളം പേർ ഷെഡ്ഡിലുണ്ടാകാറുണ്ട്. രണ്ടുദിവസമായി മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലാ ഹരിതകർമ സേനാംഗങ്ങളും വിവിധ വാർഡുകളിൽ പ്രവർത്തിക്കുകയായിരുന്നു. ഇതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
തീപിടത്തമുണ്ടായ ഉടൻ മേലാറ്റൂർ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും തീ ആളിപടർന്നതിനാൽ രക്ഷാപ്രവർത്തനം നടത്താനാവാത്ത അവസ്ഥയിലായി. 3.10ന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ സി. ബാബുരാജിന്റെയും സീനിയർ ഓഫിസർ കെ. സജിത്തിന്റെയും നേതൃത്വത്തിൽ രണ്ടു യൂനിറ്റ് എൻജിൻ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടങ്ങി.
തുടർന്ന് മഞ്ചേരി, തിരുവാലി ഫയർ സ്റ്റേഷഷനുകളിൽനിന്ന് ഓരോ യൂനിറ്റും സ്ഥലത്തെത്തി. മുപ്പതോളം അഗ്നിക്ഷ സേനാംഗങ്ങളും പൊലീസ് ഡിഫൻസും നാട്ടുകാരും ചേർന്നുള്ള പരിശ്രമത്തിൽ വൈകീട്ട് 6.30ഒാടെയാണ് പൂർണമായും തീ അണക്കാനായത്. ഹരിതകർമ സേന രണ്ടു ദിവസങ്ങളിലായി മൂന്ന് വാർഡുകളിൽ നിന്നുള്ള കടകളിലെയും വീടുകളിൽനിന്നും പിരിച്ച യൂസർഫീ ഇനത്തിലുള്ള സംഖ്യയുമാണ് കത്തിനശിച്ചത്.
മേലാറ്റൂർ: മാലിന്യ കൂമ്പാരം കത്തിനശിച്ചത് മേലാറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. ദീർഘകാലമായി ഈ വിഷയമുന്നയിച്ച് മുസ്ലിം ലീഗും യു.ഡി.എഫും നിരന്തരം സമരം നടത്തിയിട്ടും ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തയാറായില്ല. കൃത്യമായി മാലിന്യം ശേഖരിക്കാനോ, സംസ്കരിക്കാനോ പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിരുന്നില്ല. ഭരണസമിതിയുടെ കഴിവുകേടിന് ജനങ്ങൾ ദുരിതമനുഭവിക്കേണ്ട സ്ഥിതിയാണുള്ളത്. അശാസ്ത്രീയമായി മാലിന്യം സ്റ്റേഡിയത്തിൽ കൂട്ടുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുന്നുണ്ട്. കൂടാതെ, മേലാറ്റൂരിലെ കായിക പ്രേമികളുടെ ഏക ആശ്രയമായ പൊതുമൈതാനം വലിയ മത്സരങ്ങൾ ഒന്നും നടക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്.
ഏപ്രിൽ ആദ്യ വാരത്തിൽ സ്റ്റേഡിയത്തിൽ ഫുട്ബാൾ ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന് മുന്നോടിയായി മാലിന്യം നീക്കാൻ സാധിക്കില്ല എന്ന് മനസ്സിലാക്കിയ ഭരണവർഗക്കാർ മാലിന്യത്തിന് മനഃപൂർവം തീയിട്ടതാണെന്ന് സംശയിക്കുന്നതായും പഞ്ചായത്ത് മുസ്ലിം ലീഗ് ആരോപിച്ചു. തീപടർന്ന് പിടിച്ചാൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളും ഇത് ഉയർത്തുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഉൾക്കൊണ്ട് ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മാലിന്യ ശേഖരണത്തിന് മറ്റുവഴികൾ കണ്ടെത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ അറിയിച്ചു. മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി. മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി റഷീദ് മേലാറ്റൂർ, ട്രഷറർ പി.പി. ഉസ്മാൻ, ഭാരവാഹികളായ എ.ടി. ഉമ്മർ ഹാജി, കെ. അബൂബക്കർ, ഇ. കുഞ്ഞാപ്പ, പി. ശമീർ, വി.പി. കരീം, സി.കെ. റഫീഖ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.