താനൂർ: ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ പുഷ്അപ്പുകൾ ചെയ്ത ഈജിപ്ത് സ്വദേശി മുസ്തഫ അഹമ്മദ് വഹൈലിന്റെ റെക്കോഡ് തകർത്തെറിഞ്ഞ് താനൂർ ഒഴൂർ സ്വദേശി എം.ടി. അബ്ദുൽ ഗഫൂറിന്റെ വിസ്മയ പ്രകടനം. ഡിക്ലൈൻ നക്കിൾ പുഷ്അപ് വിഭാഗത്തിൽ മിനിറ്റിൽ 90 പുഷ് അപ്പുകൾ എന്ന വഹൈലിന്റെ നിലവിലുള്ള റെക്കോർഡാണ് 100ൽ അധികം പുഷ്അപ്പുകൾ വെറും ഒരു മിനിറ്റിനുള്ളിൽ പൂർത്തിയാക്കി ഗഫൂർ മറികടന്നത്.
ലഹരിവിരുദ്ധ സന്ദേശമുയർത്തി നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പ്രകടനം ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ മുന്നോട്ടു വെക്കുന്ന മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ആദ്യന്തം വിഡിയോയിൽ പകർത്തിയിരുന്നു. വിഡിയോ ദൃശ്യങ്ങളും ആവശ്യമായ സാക്ഷ്യപത്രങ്ങളും സഹിതം ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർക്ക് ഉടൻ സമർപ്പിക്കും. ഗിന്നസ് റെക്കോർഡ് അധികൃതർ അംഗീകാരം നൽകുന്നതോടെ ഈ ഇനത്തിലെ ലോകറെക്കോർഡ് ഇന്ത്യക്കാരനായ ഗഫൂറിന്റെ പേരിലാകും.
താനൂർ പാണ്ടിമുറ്റം നാഷനൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിൽ വെച്ചാണ് മാനദണ്ഡങ്ങളനുസരിച്ച് സർക്കാർ ഗസ്റ്റഡ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടറും ജനപ്രതിനിധികളുമടങ്ങുന്ന സദസ്സിന്റെ സാന്നിധ്യത്തിൽ ഗഫൂർ മിന്നും പ്രകടനം കാഴ്ച വെച്ചത്. 52 കാരനായ ഗഫൂർ നാഷനൽ ഷോട്ടോക്കാൻ കരാട്ടെ അക്കാദമിയിലെ മുതിർന്ന വിദ്യാർഥി കൂടിയാണ്.
പരിപാടിയിൽ താനൂർ ഡിവൈ.എസ്.പി പി. പ്രമോദ്, എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ ഷുക്കൂർ ഇല്ലത്ത്, സർക്കാർ ആരോഗ്യ വകുപ്പ് ഡോ. ഹാഷിം തുടങ്ങിയവർ പങ്കെടുത്തു. സെഹ്റയാണ് ഗഫൂറിന്റെ ഭാര്യ. മക്കൾ: ഷഫ്ന ഷെറിൻ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് ഹിഷാം, മുഹമ്മദ് സൈദ്, അയിഷ അസ്മിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.