മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചികിത്സ വിപുലമാക്കുന്നതിെൻറ ഭാഗമായി രണ്ട് സി.എഫ്.എൽ.ടി കേന്ദ്രങ്ങൾ തുടങ്ങാൻ നഗരസഭ തീരുമാനം. മുമ്പ് പ്രവർത്തിച്ചിരുന്ന മലപ്പുറം ഗവ. കോളജിലും കോട്ടപ്പടി ശിക്ഷക് സദനിലും തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.
മലപ്പുറം ഗവ. കോളജിൽ സി.എഫ്.എൽ.ടി കേന്ദ്രമായി പ്രവർത്തിച്ചപ്പോൾ ഉണ്ടായിരുന്ന സാധന സാമഗ്രികൾ ഹെൽത്ത് സൂപ്പർവൈസറുടെ കീഴിൽ കാവുങ്ങലിലെ പ്രത്യേക കേന്ദ്രത്തിലാണ്. മെഡിക്കൽ ഉപകരണങ്ങൾ താലൂക്ക് ആശുപത്രിയിലുമാണ്. അവ പുതിയ കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരും.
സി.എഫ്.എൽ.ടി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് സ്ഥലം കണ്ടെത്താൻ എല്ലാ തദ്ദേശ സ്ഥാപനങ്ങളോടും ജില്ല ഭരണകൂടം നിർദേശം നൽകിയിരുന്നു. വാർഡുകളിൽ റാപ്പിഡ് റെസ്പോൺസ് ടീം പുനഃസംഘടിപ്പിച്ച് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ ബോധവത്കരണം നടത്തും. 45 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്യുന്നതിന് വ്യാഴാഴ്ച മുതൽ ക്യാമ്പ് സംഘടിപ്പിക്കുമെന്നും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പി.കെ. അബ്ദുൽ ഹകീം അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തന നടപടികളും നഗരസഭ ഉൗർജിതമാക്കി. ദിനംപ്രതി 12 -20 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 65 ആക്റ്റിവ് കേസുകളുണ്ട്. ആൻറിജനും ആർ.ടി.പി.സി.ആറും ഉൾപ്പെടെ 150 -200 പരിശോധനകളാണ് നടത്തുന്നത്.
അതേസമയം, കോവാക്സിനും കോവിഷീൽഡും ഉൾപ്പെടെ 500 പേർക്കാണ് വാക്സിനുകൾ വിതരണം ചെയ്യുന്നത്. തിങ്കളാഴ്ച ജില്ലക്ക് ലഭിച്ച 40,000 വാക്സിനുകളിൽ 1000 എണ്ണമാണ് കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് ലഭിച്ചത്. ബാക്കിയുള്ള വാക്സിനുകൾ രണ്ടു ദിവസത്തിനുള്ളിൽ തീരുമെന്നും ക്ഷാമമുണ്ടാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.