മലപ്പുറം: വ്യവസായ സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാൻ നിയമ പരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ ദിവസം ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായി. വ്യവസായം ആരംഭിക്കല്‍, നടത്തിപ്പ്, അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നിയമപരമായ സംവിധാനമാണിതെന്ന് മലപ്പുറത്ത് 'മീറ്റ് ദ മിനിസ്റ്റര്‍' പരിപാടിക്ക് ശേഷം മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ച് കോടി വരെ മുതല്‍മുടക്കുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ല കലക്ടര്‍ ചെയര്‍മാനായ സമിതി പരിഗണിക്കും. പരാതി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കുകയും വേണം. ഈ സമിതിക്ക് 30 ദിവസത്തിനകം തീര്പ്പുണ്ടാക്കാനായില്ലെങ്കില് സംസ്ഥാനതല സമിതിക്ക് അപ്പീല്‍ നല്‍കാം. ഓരോ മാസവും ആദ്യ പ്രവൃത്തിദിവസം യോഗം ചേരും. അഞ്ച് കോടിക്ക് മുകളില്‍ മൂലധന നിക്ഷേപമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാനതല സമിതിക്ക് നേരിട്ട് നല്‍കാം. ഇതിെൻറ ചെയര്‍മാനെയും കണ്‍വീനറെയും സര്‍ക്കാര്‍ തീരുമാനിക്കും.
സമിതിക്ക് ലഭിക്കുന്ന പരാതികളും 30 ദിവസത്തിനകം തീര്‍പ്പാക്കണം. 15 ദിവസത്തിനുള്ളില്‍ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരുദിവസത്തിന് 250 രൂപ എന്ന നിരക്കില്‍ 10,000 രൂപയില്‍ കവിയാത്ത പിഴ ചുമത്തും. വകുപ്പുതല നടപടിക്കും ശിപാര്‍ശ ചെയ്യും. സിവില്‍ കോടതിയില്‍ നിക്ഷിപ്തമായ അധികാരം നിയമ പരിരക്ഷയുള്ള പരാതി പരിഹാര സംവിധാനത്തിനുള്ളതിനാല്‍ രേഖകള്‍, പ്രമാണങ്ങള്‍ എന്നിവ കണ്ടെത്താനും തെളിവുകള്‍ ശേഖരിക്കാനും സാക്ഷികളെ വിസ്തരിക്കാനും സാധിക്കും. ഒരാഴ്ചക്കുള്ളില്‍ തന്നെ ജില്ലതല, സംസ്ഥാനതല സമിതികള്‍ രൂപവത്കരിക്കുമെന്നും വ്യവസായ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനുള്ള നിര്‍ണായക നടപടിയാണിതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.