മലപ്പുറം: ഭൂമിയുടെ രേഖകൾ ഡിജിറ്റലാക്കാനും ഭൂവിസ്തൃതി സംബന്ധിച്ച ആധികാരിക രേഖ തയാറാക്കാനും റവന്യൂ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ ഭൂസർവേ ജില്ലയിൽ പൂർത്തീകരിച്ചത് 28 വില്ലേജുകളിൽ. ജില്ലയിൽ ഒന്നാം ഘട്ടത്തിൽ 18 വില്ലേജുകളും രണ്ടാം ഘട്ടത്തിൽ എട്ട് വില്ലേജുകളും മൂന്നാം ഘട്ടത്തിൽ രണ്ട് വില്ലേജുകളുമാണ് സർവേ നടപടികൾ പൂർത്തീകരിച്ചത്.
ഒന്നാം ഘട്ടത്തിൽ സർവേ ആരംഭിച്ച അനന്താവൂർ, ആതവനാട്, ചെറിയമുണ്ടം, കുറുമ്പത്തൂർ, കുറുവമ്പലം, മലപ്പുറം, മംഗലം, മാറക്കര, നടുവട്ടം, നന്നംമുക്ക്, പെരുമണ്ണ, പെരുമ്പടപ്പ്, പൊന്മുണ്ടം, പൊന്നാനി നഗരം, തലക്കാട്, തിരുവാനായ, വെളിയംകോട്, വെട്ടം എന്നീ വില്ലേജുകൾ സർവേ പൂർത്തീകരിച്ചു.
രണ്ടാം ഘട്ടത്തിൽ അരിയല്ലൂർ, തിരൂരങ്ങാടി, പാണക്കാട്, തൃക്കണ്ടിയൂർ, നിറമരുതൂർ, ഈഴവതിരുത്തി, എടക്കര, പയ്യനാട് എന്നീ എട്ട് വില്ലേജുകളിലാണ് സർവേ നടപടികൾ പൂർത്തിയായത്. രണ്ടാം ഘട്ടത്തിൽ 11 വില്ലേജുകളിൽ നടപടികൾ പുരോഗമിക്കുകയാണ്. ഒതുക്കുങ്ങൽ, ആനമങ്ങാട്, എടവണ്ണ, പുറത്തൂർ എന്നീ വില്ലേജുകളിൽ സർവേ നടപടികൾ അവസാനഘട്ടത്തിലാണ്. മൂന്നാം ഘട്ടത്തിൽ പെരിന്തൽമണ്ണ, പാതയ്ക്കര എന്നീ രണ്ട് വില്ലേജുകളും ഡിജിറ്റർ സർവേ പൂർത്തീകരിച്ചതായി റവന്യൂ വകുപ്പ് പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ജില്ലയിൽ മൂന്ന് ഘട്ടങ്ങളിലായി 56 വില്ലേജുകളെയാണ് ഡിജിറ്റൽ സർവേക്ക് പരിഗണിച്ചത്. സർവേ പൂർത്തിയായ വില്ലേജുകളിൽ സെക്ഷൻ ഒമ്പത്(2) പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവേ നടപടികളിൽ ആക്ഷേപമുള്ളവർക്ക് പരാതികൾ ബോധിപ്പിക്കാനുള്ള അവസരമാണ് നടപടി പൂർത്തീകരിച്ച വില്ലേജുകളിൽ നടക്കാനുള്ളതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ റവന്യൂ ഭരണത്തിന് കൈമാറുന്നതിനുള്ള നടപടികളുടെ ഭാഗമായി സർവേ അതിരടയാള നിയമം അനുസരിച്ചുള്ള നോട്ടിഫിക്കേഷൻ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും ഓരോ കൈവശഭൂമിയും നേരിട്ട് അളന്നും അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണയിച്ചും മാപ്പുകൾ തയാറാക്കുന്ന പ്രവർത്തനമാണ് ഡിജിറ്റൽ സർവേ. സർവേ- ഭൂരേഖ വകുപ്പാണ് ഇതു നടത്തുന്നത്.
വിപുലമായ പ്രചാരണങ്ങളിലൂടെ പൊതുജനങ്ങളെ മുൻകൂട്ടി ബോധവത്കരിച്ച ശേഷമാണ് ഓരോ പ്രദേശത്തിന്റെ സർവേ നടത്തുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.