പെഡ റെഡി ഗംഗരാജു
മലപ്പുറം: ഓൺലൈൻ നിക്ഷേപത്തിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 52 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന കണ്ണിയെ മലപ്പുറം സൈബർ ക്രൈം പൊലീസ് ആന്ധ്രാപ്രദേശിൽനിന്നും അറസ്റ്റ് ചെയ്തു.
സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പെഡ റെഡി ഗംഗരാജു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് ഉദ്യോഗസ്ഥനായ പരാതിക്കാരനെ ആമസോൺ പ്രമോഷൻ ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്നും ജോലി സാധ്യത ഉണ്ടെന്നും മാസത്തിൽ നല്ലൊരു തുക ഉണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതാണ് തട്ടിപ്പ്.
വാട്സ് ആപ് നമ്പർ വഴി പരാതിക്കാരനെ ബന്ധപ്പെട്ട് ടെലിഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ച് കൊടുത്ത് ഗ്രൂപ്പിൽ ചേർത്തു. തുടർന്ന് ഓൺലെൻ റിവ്യൂ പോലെയുള്ള 25 ടാസ്കുകൾ ദിവസവും ചെയ്യണമെന്നും അതിൽ അഞ്ച് ടാസ്ക് പ്രീപൈഡ് അസൈൻമെന്റുകളാണെന്നും അറിയിച്ചു. അവയിൽ ട്രേഡ് ചെയ്താൽ 30 ശതമാനം മുതൽ 45 ശതമാനം വരെ കമീഷൻ ലഭിക്കുന്നും പറഞ്ഞ് പ്രേരിപ്പിച്ചു.
പരാതിക്കാരനിൽനിന്നും വ്യത്യസ്ത സമയങ്ങളിൽ ബാങ്ക് അക്കൗണ്ടിൽനിന്നും പ്രതികൾ ഉപയോഗിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണുകളിലേക്ക് പണം കൈപ്പറ്റി.
പിന്നീട് ലാഭ വിഹിതം കാണിക്കുന്ന ഒരു വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരന് നൽകി. വെബ് സൈറ്റിൽ വലിയ ലാഭവിഹിതം കാണിച്ചിരുന്നു. പണവും ലാഭ വിഹിതവും നല്കാതെ കൂടുതൽ പണം ആവശ്യപ്പെട്ടതോടെ പരാതിക്കാരന് തട്ടിപ്പാണ് തിരിച്ചറിയുകയായിരുന്നു.
സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷിച്ചാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി. ചിത്തരഞ്ജന്റെ നേതൃത്വത്തിൽ സൈബർ ടീം അംഗങ്ങളായ എസ്.ഐ അബ്ദുൽ ലത്തീഫ്, എ.എസ്.ഐമാരായ റിയാസ് ബാബു, അനീഷ് കുമാർ, സി.പി.ഒ അരുൺ എന്നിവർ ആഡ്രപ്രദേശിലെ മണ്ഡപേട്ട എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.