സഭ തർക്ക പരിഹാരം: സർക്കാറിനു മുന്നിൽ പ്രതിസന്ധികളേറെ

തൊടുപുഴ: മലങ്കരസഭ തർക്കപരിഹാരത്തിന് സർക്കാറിനു മുന്നിൽ പ്രതിസന്ധികളേറെ. യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലെ നൂറ്റാണ്ട് പഴക്കമുള്ള തർക്ക പരിഹാരമാണ് പുതുതായി ചുമതലയേറ്റ യു.ഡി.എഫ് സർക്കാറിനു മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്.

സഭ തര്‍ക്കം നിലനില്‍ക്കുന്ന ആറു പള്ളികളില്‍ നല്‍കിവന്നിരുന്ന പൊലീസ് സംരക്ഷണം റദ്ദാക്കി കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയ നിരീക്ഷണങ്ങളാണ് തർക്കത്തിൽ വീണ്ടും സർക്കാർ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചയെന്ന ആവശ്യം സജീവമാക്കിയത്. പൊതുജനങ്ങളെ ബാധിക്കുന്ന രീതിയില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മധ്യസ്ഥതയിലൂടെ ഇടപെടേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും നിരന്തരമായി ക്രമസമാധാന പ്രശ്‌നമുണ്ടാകുന്ന പശ്ചാത്തലത്തില്‍ വിഷയത്തില്‍ സര്‍ക്കാറിന് ഇടപെടാവുന്നതാണെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.

ഇതോടെ പ്രശ്നത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് യാക്കോബായ വിഭാഗവും സർക്കാറിനോട് സഹകരിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗവും പ്രതികരിച്ചിട്ടുണ്ട്. 2017 ജൂലൈ 3ന് ഓർത്തഡോക്സ് സഭക്കനുകൂലമായ സുപ്രീംകോടതി വിധിയാണ് ഇടവേളക്കുശേഷം പള്ളി തർക്കം രൂക്ഷമാക്കിയത്. വിധിയുടെ ചുവടുപിടിച്ച് യാക്കോബായ പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന അറുപതിലേറെ പള്ളികളാണ് ഓർത്തഡോക്സ് പക്ഷത്തിന്റെ കൈവശമെത്തിയത്. സംഘർഷം നിരന്തര ക്രമസമാധാന പ്രശ്നമായതോടെ മുൻ സർക്കാർ മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ച് ഇരുവിഭാഗവുമായി ചർച്ച നടത്തിയിരുന്നു.

എന്നാൽ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സമാധാനം എന്ന വാദത്തിൽ ഓർത്തഡോക്സ് വിഭാഗവും ഇരു സഭകളായി പിരിയുക എന്ന വാദത്തിൽ യാക്കോബായ വിഭാഗവും ഉറച്ചുനിന്നതോടെ ചർച്ചകൾ വഴിമുട്ടി. ഇതിനു പിന്നാലെ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് പ്രശ്നപരിഹാരത്തിനായി ജസ്റ്റിസ് കെ.ടി. തോമസിന്റെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ കമീഷൻ ശിപാർശ ചെയ്ത ചർച്ച് ബില്ല് നടപ്പാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി.

തുടർന്ന് 2023 മാർച്ച് 9ന് ബില്ലിന്റെ കരട് ഇടതുമുന്നണി അംഗീകരിക്കുകയും ചെയ്തു. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഓർത്തഡോക്സ് വിഭാഗവും സർക്കാറിന് പിന്തുണയുമായി യാക്കോബായ വിഭാഗവും രംഗത്തുവന്നു. പിന്നാലെ സർക്കാർ ഈ നീക്കത്തിൽനിന്ന് പിൻമാറി. 

Tags:    
News Summary - Church Dispute: Government Faces Fresh Crises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.