രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പലം: വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ലെന്ന് സി.എച്ച്. മുഹമ്മദ് കോയ ചെയർ വിസിറ്റിങ് പ്രഫസർ ഡോ. മോഹൻ ഗോപാല്‍. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച രണ്ടാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറില്‍ 'ഭരണഘടനാ വാഗ്ദാനങ്ങളുടെ വീണ്ടെടുപ്പ്: തുല്യപൗരത്വം, കൂട്ടായ മാനവികത' എന്ന പ്രമേയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭരണഘടന ഗുരുതമായ ആക്രമണം നേരിടുന്നു. ഭരണഘടനയുടെ നെടുംതൂണുകളായ ഫെഡറലിസവും മതേതരത്വവും വെല്ലുവിളികള്‍ നേരിടുന്നു. വര്‍ണാശ്രമ വ്യവസ്ഥക്കും ഭരണഘടനക്കും ഒരേ സമയം നിലനില്‍ക്കാനാകില്ല. വര്‍ണാശ്രമവ്യവസ്ഥ നിലവില്‍ വന്നാല്‍ മൗലികാവകാശങ്ങളും തുല്യപൗത്വവും നിഷേധിക്കുന്ന അവസ്ഥയുണ്ടാകുമെന്നും വര്‍ണവ്യവസ്ഥക്കെതിരെ രാജ്യത്തെ ജനങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മലബാറിന്റെ പിന്നാക്ക പ്രദേശങ്ങളിൽ വിദ്യാഭ്യാസത്തിന്റെ വെളിച്ചം പകര്‍ന്ന് സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ സി.എച്ചിന് സാധിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഭരണഘടന വെല്ലുവിളി നേരിടുന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് മതേതരത്വം. ജനങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഭരണഘടന ആശയങ്ങള്‍ സ്വീകരിച്ചത്. വിട്ടുവീഴ്ചയില്ലാതെ നടത്തിയ പോരാട്ടമാണ് നമുക്ക് സ്വാതന്ത്ര്യം നേടിതന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സമരങ്ങളാണ് നമ്മുക്കിന്ന് വേണ്ടത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മനുഷ്യവിരുദ്ധര്‍ക്ക് കൂകല്‍ കേള്‍ക്കേണ്ടിവന്നു. ഗസ്സയിലെ ജനങ്ങളും മനുഷ്യത്വത്തിന്റെ പുലരികള്‍ കാത്തിരിക്കുന്നുണ്ടെന്നും ഗ്രെയ്സ് എജ്യുക്കേഷനല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി. രവിന്ദ്രന്റെ ആശംസ സന്ദേശ വിഡിയോ പ്രദര്‍ശിപ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സി.കെ. സുബൈര്‍ സ്വാഗതം പറഞ്ഞു. ഗ്രെയ്സ് എജ്യുക്കേഷനല്‍ അസോസിയേഷന്‍ ട്രഷറര്‍ കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. മുനീറിന്റെ സന്ദേശം ചടങ്ങില്‍ വായിച്ചു. സി.എ.എക്കെതിരെ രംഗത്തുവന്ന് പദവി രാജിവെച്ച അബ്ദുറഹ്‌മാന്‍ ഐ.പി.എസ് (മഹാരാഷ്ട്ര) 'ആബ്സന്റ് ഇൻ പൊളിറ്റിക്സ് ആൻഡ് പവർ' എന്ന അദ്ദേഹത്തിന്റെ പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി., വി.ടി. ബല്‍റാം, ഹാരിസ് ബീരാന്‍ എം.പി, പി.വി. അഹമ്മദ് സാജു, പി.കെ. നവാസ്, സെനറ്റ് മെംബര്‍ ഡോ. ആബിദ് ഫാറൂഖി സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് സംസാരിച്ചു, ഹമീദ് മാസ്റ്റർ എം.എൽ.എ, ഡോ.വി. പി. അബ്ദുൽ ഹമീദ്, ഡോ. സക്കീർ ഹുസൈൻ സംബന്ധിച്ചു. ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.