തിരൂർ-മഞ്ചേരി റൂട്ടിനെ വെട്ടാൻ ബസുകൾ താമരശ്ശേരിയിലേക്ക്
മലപ്പുറം: പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ നിലവിലുള്ള നാമമാത്ര സർവീസുകളും ഇല്ലാതാക്കി കെ.എസ്.ആർ.ടി.സി. വർഷങ്ങളോളം പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന പൊന്നാനി ഡിപ്പോയുടെ രണ്ട് ഓർഡനറി ബസുകളാണ് ഈ റൂട്ടിലൂടെയുള്ള ഷട്ടിൽ സർവീസ് ഒഴിവാക്കാൻ താമരശ്ശേരിയിലേക്ക് നീട്ടിയിരിക്കുന്നത്. പൊന്നാനി ഡിപ്പോയിൽനിന്ന് രാവിലെ 7.25നും 7.55നും പുറപ്പെടുന്ന രണ്ട് ബസുകളാണ് താമരശ്ശേരിയിലേക്ക് സർവീസ് നീട്ടിയത്. പൊന്നാനിയിൽനിന്ന് മഞ്ചേരിയിലെത്തുന്ന ഈ ബസുകൾ, മുക്കം വഴി താമരശ്ശേരിയിലേക്കും തിരിച്ച് പൊന്നാനിയിലേക്കുമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്.
കലക്ഷൻ വർധിപ്പിക്കാനെന്ന പേരിലാണ് ഈ മാറ്റമെങ്കിലും ഈ രണ്ട് സർവീസുകളും വൻ നഷ്ടമാണ് വരുത്തിവെക്കുന്നത്. മിക്ക സമയങ്ങളിലും ഈ ബസുകൾ താമരശ്ശേരി റൂട്ടിൽ യാത്രക്കാരില്ലാതെയാണ് ഓടുന്നത്. പത്തുവർഷം മുമ്പ് വരെ തിരൂർ-മഞ്ചേരി, പൊന്നാനി-തിരൂർ-മഞ്ചേരി റൂട്ടിൽ 17ലധികം ബസുകൾ ചെയിൻ സർവീസായി കെ.എസ്.ആർ.ടി.സി ഓടിച്ചിരുന്നു. സ്വകാര്യബസ് ലോബിയുടെ സമ്മർദ്ദത്തെതുടർന്നാണ് പിന്നീട് ഈ സർവീസുകൾ ഒന്നൊന്നായി നിർത്തിയത്. നിലവിൽ ആറ് ഓർഡിനറി ബസുകൾ മാത്രമാണ് ഈ റൂട്ടിൽ ഓടുന്നത്. മലപ്പുറം ഡിപ്പോ നവീകരണത്തിന്റെ ആദ്യഘട്ടം പൂർത്തിയായിട്ടും ജില്ലയുടെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച് ഓർഡിനറി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഓർഡിനറി ബസുകളുടെ കുറവ് മൂലം ജില്ലയിൽ പ്രിയദർശിനി പദ്ധതിയുടെ പ്രയോജനം സ്ത്രീകൾക്ക് ലഭിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.