പൊന്നാനി: അങ്ങാടിയിൽ കാലപ്പഴക്കമേറിയ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടും തകർച്ചയുടെ വക്കിലായ കെട്ടിടങ്ങൾ ഏത് നിമിഷവും നിലംപൊത്തുമെന്ന സ്ഥിതിയിലായിട്ടും പൊളിച്ചു മാറ്റാൻ നടപടികളായില്ല. കെട്ടിടം പൊളിക്കാൻ കെട്ടിട ഉടമകളും ഭൂരിഭാഗം കച്ചവടക്കാരും തയാറായിട്ടും നഗരസഭ അധികൃതർ നിലപാട് സ്വീകരിക്കാത്തത് പ്രതിഷേധങ്ങൾക്കിടയാക്കുകയാണ്. നിരവധി തവണ തകർന്നു വീഴുകയും രണ്ടു തവണ കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്തിട്ടും ജീവന് ഭീഷണിയായി മാറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഇച്ഛാശക്തിയില്ലാതെയാണ് ഭരണസമിതി മുന്നോട്ട് പോവുന്നത്.
പൊന്നാനി അങ്ങാടി പാലത്തിന് സമീപത്തെ കെട്ടിടം കഴിഞ്ഞ ദിവസമാണ് മഴയിൽ പൊളിഞ്ഞത്. നേരത്തെ അഗ്നിരക്ഷാസേന അധികൃതർ നൽകിയ റിപ്പോർട്ടിൽ തുടർ നടപടികൾ അനന്തമായി നീളുകയാണ്. കാലപ്പഴക്കമേറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സർവേ നടത്തി പൊളിക്കേണ്ട കെട്ടിടങ്ങൾ കണ്ടെത്തി നടപടികളുമായി അഞ്ച് വർഷം മുമ്പ് നഗരസഭ ഭരണ സമിതി മുന്നോട്ട് പോയെങ്കിലും ഇത് പാതിവഴിയിൽ നിലച്ചു. പഴയ നിർമാണ രീതിയായതിനാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്താനുള്ള പ്രയാസങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ചെറിയൊരു തീനാളമുണ്ടായാൽ പോലും പടരുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ നിർമാണം.
ആവശ്യത്തിന് വാതിലുകളില്ലാത്തതിനാൽ അകത്ത് അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഈ കെട്ടിടങ്ങളുടെ കോണിപ്പടികളെല്ലാം കടകൾക്കകത്ത് മാത്രമായതിനാൽ കെട്ടിടങ്ങളുടെ മുകൾനിലയിൽ തീപിടിത്തമുണ്ടായാൽ തീ പടരാൻ സാധ്യതയേറെയാണെന്നും വണ്ടിപ്പേട്ടയിൽ കെട്ടിടങ്ങളോട് ചേർന്ന് തന്നെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതിനാൽ ഇനിയൊരു തീപിടിത്തം വൻ ദുരന്തത്തിനിടയാക്കുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അങ്ങാടിയിലെ കെട്ടിടങ്ങളുടെ അവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് എന്ന നിലയിലാണ് റിപ്പോർട്ട് നൽകിയത്. ഇത്രയും ഗുരുതര മുന്നറിയിപ്പുകൾ നൽകിയിട്ടും യാതൊരു തുടർ നടപടികളും ഉണ്ടായിട്ടില്ല. ചില കെട്ടിട ഉടമകൾ സ്വന്തം ഇഷ്ടപ്രകാരം പൊളിച്ചുനീക്കുന്നതൊഴിച്ച് അധികൃതർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നതായാണ് ആക്ഷേപം.
ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് നഗരസഭാധികൃതർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് ചില കടകൾക്ക് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനായി നഗരസഭ പ്രതിപക്ഷ കൗൺസിലർമാരും ആദ്യം രംഗത്തുണ്ടായിരുന്നുവെങ്കിലും ഇവരും ഇപ്പോൾ ഇക്കാര്യം തീരെ അവഗണിച്ച മട്ടാണ്. തിരക്കേറിയ അങ്ങാടിയിൽ നിലകൊള്ളുന്ന കെട്ടിടം തകർന്ന് ജീവഹാനി സംഭവിച്ചാൽ മാത്രമെ നടപടിയുണ്ടാകൂ എന്നാണ് അവസ്ഥയെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.