ജി​ല്ല ബാ​ങ്കി​ങ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ജി​ല്ല ക്രെ​ഡി​റ്റ് പ്ലാ​ന്‍ ക​ല​ക്ട​ര്‍ വി.​ആ​ർ. പ്രേം​കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ബാങ്കിങ് അവലോകന യോഗം: ബാങ്കിങ് നിക്ഷേപത്തില്‍ 1350 കോടിയുടെ വര്‍ധന

മലപ്പുറം: വിദ്യാഭ്യാസ, സാമൂഹിക, സുരക്ഷ പദ്ധതികള്‍ക്കായുള്ള വായ്പകള്‍ നല്‍കുന്നതില്‍ ബാങ്ക് മേധാവിമാര്‍ അനുഭാവപൂര്‍വ നിലപാട് സ്വീകരിക്കണമെന്ന് കലക്ടർ വി.ആര്‍. പ്രേംകുമാര്‍. ജില്ലയിലെ ബാങ്കിങ് വികസനം സംബന്ധിച്ച ജില്ലതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റിസര്‍വ് ബാങ്ക് ജില്ല ലീഡ് ഓഫിസര്‍ പ്രദീപ് കൃഷ്ണന്‍ ബാങ്കുകളുടെ സ്ഥിതിവിവര കണക്കുകള്‍ അവലോകനം ചെയ്തു. മാര്‍ച്ചിൽ അവസാനിച്ച പാദത്തില്‍ സംരംഭകത്വ പദ്ധതികളില്‍ ഉള്‍പ്പെടെ 49,103 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയിലെ വിവിധ ബാങ്കുകളിലെത്തിയത്. 2021 ഡിസംബറിൽ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1350 കോടിയുടെ വർധനയാണ് നിക്ഷേപത്തിലുണ്ടായിരിക്കുന്നത്. ഇതില്‍ 12,334 കോടി പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകൾ 29,702.94 കോടിയാണ്. കഴിഞ്ഞ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1,544.41 കോടി വർധനയുണ്ടായി.

വായ്പ നിക്ഷേപ അനുപാതം 60.49 ശതമാനമാണ്. കേരള ഗ്രാമീൺ ബാങ്കും കനറാ ബാങ്കുമാണ് 60 ശതമാനത്തിന് മുകളിൽ വായ്പ നിക്ഷേപ അനുപാതമുള്ള പ്രമുഖ ബാങ്കുകൾ.

നബാര്‍ഡിന്‍റെ ജില്ല വികസന മാനേജര്‍ എ. മുഹമ്മദ് റിയാസ് കര്‍ഷകര്‍ക്കായുള്ള വിവിധ പദ്ധതികള്‍ വിശദീകരിച്ചു. കാര്‍ഷിക അടിസ്ഥാന സൗകര്യവികസന നിധി സോണല്‍ മാനേജര്‍ അനിൻഡോ ഗോപാല്‍ കാര്‍ഷിക വായ്പകള്‍ പരിചയപ്പെടുത്തി. ജില്ല ക്രെഡിറ്റ് പ്ലാന്‍ കലക്ടര്‍ പ്രകാശനം ചെയ്തു. ലീഡ് ഡെവലപ്മെന്‍റ് മാനേജര്‍ പി.പി. ജിതേന്ദ്രന്‍ സ്വാഗതവും കനറാ ബാങ്ക് അസി. ജനറല്‍ മാനേജര്‍ എം. ശ്രീവിദ്യ നന്ദിയും പറഞ്ഞു. ചേംബര്‍ ഓഫ് കോമേഴ്സ്, കുടുംബശ്രീ, വിവിധ ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Banking Review Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.