അൽ ഹാദി, ഫാത്തിമ ഹഫ, ആയിശ നജ
അക്വാറ്റിക് ചാമ്പ്യൻഷിപ്പ്; മെഡൽ തിളക്കവുമായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ
മലപ്പുറം: റവന്യൂ ജില്ല അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി ഒരു കുടുംബത്തിൽ നിന്ന് മൂന്ന് സഹോദരങ്ങൾ. കൊടക്കാടൻ തറവാട്ടിലെ അൽ ഹാദി, ഫാത്തിമ ഹഫ, ആയിശ നജ എന്നിവരാണ് വിജയഗാഥ രചിച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച അൽ ഹാദി കൊടക്കാടൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. റഫീഖ് കൊടക്കാടൻ - സുബൈദ ദമ്പതികളുടെ മകനായ അൽ ഹാദി 100 മീറ്റർ ബാക്ക് സ്ട്രോക്കിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ രണ്ടാം സ്ഥാനവും, 50 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ രണ്ടാം സ്ഥാനവും നേടി. കൂടാതെ 4x100 മീറ്റർ വ്യക്തിഗത മെഡ്ലെ റിലേയിൽ ഒന്നാം സ്ഥാനവും, 4x100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ രണ്ടാം സ്ഥാനവും നേടി അൽ ഹാദി മെഡൽ കൊയ്ത്ത് പൂർത്തിയാക്കി.
സഹോദരി ഫാത്തിമ ഹഫ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിലാണ് മെഡൽ വാരിക്കൂട്ടിയത്. 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 400 മീറ്റർ ഫ്രീസ്റ്റൈലിലും വെള്ളി നേടിയ ഹഫ, 200 മീറ്റർ ഫ്രീസ്റ്റൈലിൽ മൂന്നാം വെങ്കലവും സ്വന്തമാക്കി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ മത്സരിച്ച റഫീഖിന്റെ സഹോദരപുത്രി ആയിശ നജ കൊടക്കാടൻ രണ്ട് വെങ്കല മെഡലുകൾ നേടി. പ്രവാസിയായ മൊയ്തീൻകുട്ടി കൊടക്കാടൻ - ഖമറുന്നിസ ദമ്പതികളുടെ മകളായ ആയിശ നജ 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലും 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിലുമാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. പിതൃസഹോദരനായ യൂനുസ് അലിയുടെ ശിക്ഷണത്തിലാണ് ഇവരുടെ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.