മലപ്പുറത്തേക്ക് അനുവദിച്ച കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു
ജില്ലക്ക് സമഗ്ര വികസന പാക്കേജ് നടപ്പാക്കും; മന്ത്രി കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജനകീയ പങ്കാളിത്തത്തോടെ എല്ലാ മേഖലകളിലും വളർച്ച കൈവരിക്കുക എന്നതാണ് സംസ്ഥാന സർക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും ജില്ലയുടെ സമഗ്ര വികസനത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് പുതുതായി ആരംഭിച്ച എട്ട് ബസ് സർവിസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയിലെ സൗജന്യ യാത്രകൾ പോലുള്ള ജനക്ഷേമ സേവനങ്ങൾക്കൊപ്പം മികച്ച പ്രവർത്തന മാതൃക സൃഷ്ടിച്ച് മുന്നോട്ടുപോകാൻ സർക്കാറിന് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തേക്കുള്ള എ.സി സർവിസ് ഉൾപ്പെടെ ദീർഘദൂര റൂട്ടുകളിലേക്ക് കൂടുതൽ അത്യാധുനിക ബസുകൾ മലപ്പുറത്തിന് അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു.
മലപ്പുറം നഗരസഭ ചെയർപേഴ്സൻ അഡ്വ. റിനിഷ, വൈസ് ചെയർപേഴ്സൻ ജിതേഷ് ജി. അനിൽ, വാർഡ് കൗൺസിലർ നജ്മ ഷബീർ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ഡോ. പ്രമോദ് ശങ്കർ, അസി. ട്രാൻസ്പോർട്ട് ഓഫിസർ അനസ്, കെ.എസ്.ആർ.ടി.സി ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പുതുതായി ആരംഭിച്ച സർവിസുകൾ
- മലപ്പുറം - ബംഗളൂരു (പാലക്കാട് - കോയമ്പത്തൂർ -ഹുസൂർ വഴി )- സൂപ്പർ ഡീലക്സ്
- മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ- കുറ്റിപ്പുറം-തൃശൂർ വഴി) എ.സി ബസ്
- മലപ്പുറം - നെടുമ്പാശേരി എയർപോർട്ട് (കോട്ടക്കൽ - തൃശൂർ - അങ്കമാലി വഴി )
- മലപ്പുറം - കാളികാവ് (മഞ്ചേരി - തിരുവാലി-വണ്ടൂർ- കാളികാവ് ) (ആനക്കയം - പന്തല്ലൂർ - പാണ്ടിക്കാട്)- ഓർഡിനറി
- മലപ്പുറം - കാലിക്കറ്റ് യൂനിവേഴ്സിറ്റി - ഓർഡിനറി
- മഞ്ചേരി - പരപ്പനങ്ങാടി (മലപ്പുറം -പാണക്കാട് - വേങ്ങര -ചെമ്മാട് വഴി )- ഓർഡിനറി
- മലപ്പുറം - കൊണ്ടോട്ടി -എടവണ്ണപ്പാറ - കോഴിക്കോട് (ഓർഡിനറി )
- മഞ്ചേരി - തിരൂർ (ഓർഡിനറി) ബംഗളൂരുവിലേക്കുള്ള സർവിസ് ഞായറാഴ്ചയും ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള മറ്റ് സർവിസുകൾ തിങ്കളാഴ്ചയും ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.