വീട്ടിച്ചോല കോമൻ
കരുവാരകുണ്ട്: നാടൻ കലകളും ഈറ്റനെയ്ത്തും ജീവിതത്തോട് ചേർത്തുവെച്ച വീട്ടിച്ചോല കോമൻ 75ന്റെ നിറവിൽ. കുടുംബത്തിന്റെ നിത്യവൃത്തിക്കായാണ് ഈറ്റ, മുള എന്നിവ ഉപയോഗിച്ച് പരമ്പ്, കുട്ട, മുറം, മീൻകുട്ട, കൊട്ടക്കൈൽ തുടങ്ങിയവ നിർമിച്ച് ഉൾഗ്രാമങ്ങളിലൂടെ നടന്ന് വിൽപന തുടങ്ങിയത്.
പിന്നീട് ഇവക്ക്, പ്രിയം കൂടി. സർക്കാർ, ഇതര കരകൗശല മേളകളിൽ കോമന്റെ കരകൗശല വസ്തുക്കൾ ചൂടപ്പം പോലെ വിൽപനയായി. കൗമാരകാലം മുതൽ സാംസ്കാരിക പ്രവർത്തനം എന്ന നിലയിൽ പാക്കനാർ കലകളും അവതരിപ്പിച്ചു തുടങ്ങി കോമൻ.
പാക്കനാർ കോലം, കല്യാണ പാട്ട്, തിരണ്ടുകല്യാണ പാട്ട്, കാളകളി പാട്ട്, രാപ്പാട്ട്, കളംപാട്ട്, അടിയന്തര പാട്ട്, കെട്ടിയാട്ട പാട്ട്, മരംകൊട്ട് പാട്ട് എന്നിവയിൽ ആശാനാണ് കോമൻ. സർക്കാറിന്റെ പൈതൃകോത്സവം, ഗദ്ദിക, ഓണം വാരാഘോഷം എന്നിവകളിൽ പാക്കനാർ കോലങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങളുടെയും കാവുകളുടെയും ഘോഷയാത്രകളിൽ കോമന്റെ കാളകളി പാട്ടുകൾ ഭക്തരെ ആവേശം കൊള്ളിക്കാറുണ്ട്.
അനുഷ്ഠാനകലകളുടെ നിലനിൽപിനായി നിരവധി വിദ്യാലയങ്ങളിലും ഇത് അവതരിപ്പിക്കാറുണ്ട് ഈ 75കാരൻ. പരേതയായ അമ്മിണിയാണ് ഭാര്യ. നാരായണൻ, സുകുമാരൻ, കുമാരൻ, ബാബു, ബൈജു എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.