വേങ്ങര: കളിസ്ഥലവും ഊഞ്ഞാലും ഇന്റർലോക് ചെയ്ത മുറ്റവും ഉൾപ്പെടെ അംഗൻവാടിയുടെ കെട്ടിടമൊന്നാകെ പൊളിച്ചുമാറ്റിയിട്ട് രണ്ടു വർഷം പൂർത്തിയായിട്ടും പുതിയ കെട്ടിട നിർമാണത്തിന് ഫണ്ട് അനുവദിച്ചില്ലെന്നു പരാതി. കണ്ണമംഗലം പഞ്ചായത്തിൽ എട്ടാം വാർഡ് ചേറൂരിൽ പടപ്പറമ്പ് കോളനിയിലാണ് അംഗൻവാടിയിലെ സൗകര്യങ്ങളിൽ കളിച്ചു വളരേണ്ട 24 കുഞ്ഞുങ്ങൾ വഴിയാധാരമായത്. വേങ്ങര ഐ.സി.ഡി.എസിനു കീഴിൽ പ്രവർത്തിക്കുന്ന 53ാം നമ്പർ അംഗൻവാടിയാണ് കെട്ടിടം പൊളിച്ചു മാറ്റിയത് കാരണം ഇടുങ്ങിയ ലൈൻ മുറി ക്വാർട്ടേഴ്സിന്റെ ഒറ്റ മുറിയിലേക്ക് മാറ്റിയത്.
പഴയ ഓടിട്ട കെട്ടിടത്തിന് എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തത് കാരണം അറ്റകുറ്റപ്പണികൾക്കായി 10,000 രൂപ ഗ്രാമപഞ്ചായത്ത് അനുവദിച്ചിരുന്നു. എന്നാൽ ഈ തുക തികയാതിരുന്നത് കാരണം അറ്റകുറ്റപ്പണികൾ നടത്താതെ കെട്ടിടം പൊളിക്കുകയായിരുന്നു. പകരം സംവിധാനം കാണാതെ പൊളിച്ചു മാറ്റിയ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ ടെൻഡർ വിളിച്ചു തൂക്കി വിൽക്കുകയും ചെയ്തു. 24 കുട്ടികളാണ് ഇവിടെ പഠനം നടത്തുന്നത്. ഇടുങ്ങിയ ക്വാർട്ടേഴ്സ് മുറിയിലാണ് കുട്ടികളുടെ പഠനവും കളിയും ഭക്ഷണം വിളമ്പലുമെല്ലാം നടക്കുന്നത്.
മാത്രമല്ല ഭക്ഷണം പാകം ചെയ്യാനും കുഞ്ഞുങ്ങളുടെ ശുചീകരണത്തിനും ആവശ്യത്തിന് വെള്ളം ശേഖരിക്കാൻ ടാങ്കോ, പമ്പുസെറ്റ് സംവിധാനമോ ഇവിടെ ഇല്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും ബില്ല് അടക്കുന്നത് അംഗൻവാടി ജീവനക്കാരുടെ ശമ്പളത്തിൽനിന്നെടുത്താണെന്ന് അധ്യാപിക ഭാനുമതി പറയുന്നു. വേങ്ങര ബ്ലോക്കിലെ ഏകദേശം അംഗൻവാടികളെല്ലാം സ്മാർട്ട് കെട്ടിടങ്ങളിൽ പ്രവർത്തിക്കുമ്പോൾ ഈ അംഗൻവാടി മാത്രം അവഗണിക്കപ്പെടാൻ കാരണമെന്താണെന്നു നാട്ടുകാർ ചോദിക്കുന്നു.
ഗ്രാമപഞ്ചായത്ത് മുഖേന ആവശ്യമായ ഫണ്ട് അനുവദിക്കുന്നില്ലെന്നതാണ് പ്രശ്നമെന്നു വാർഡ് അംഗം കെ.കെ. ഹംസ പ്രതികരിച്ചു. അതേസമയം അംഗൻവാടി കെട്ടിടനിർമാണത്തിനു രണ്ടു തവണ ടെൻഡർ വിളിച്ചെങ്കിലും കോൺട്രാക്ടർമാർ ടെൻഡർ വിളിച്ചെടുക്കാൻ തയാറാകാതിരുന്നതാണ് പണി നടക്കാതെ പോയതിനു കാരണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.