പൊന്നാനി: നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ. വഴിക്കടവ് കാരാക്കോട് നാലകത്ത് വീട്ടിൽ ഷാജഹാൻ (40) ആണ് അറസ്റ്റിലായത്.എടപ്പാൾ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന നിർമലക്ക് കുടുംബ സ്വത്തായി ലഭിച്ച ഭൂമി തിരിമറി നടത്തിയ കേസിലാണ് അറസ്റ്റിലായത്. നിർമലക്ക് കുടുംബ സ്വത്തായി ലഭിച്ച തൃശൂർ എരുമപ്പെട്ടിയിലെ 92 സെന്റ് ഭൂമി വാങ്ങാൻ എന്ന വ്യാജേന സമീപിച്ച ഷാജഹാൻ ഭൂമി വില്പന കരാറുണ്ടാക്കി.
പിന്നീ്ട ഹോമിയോ ഡോക്ടറായ ഭാര്യയുടെ പേരിൽ താനൂർ കെ.എസ്.എഫ്.ഇയിൽ ആരംഭിച്ച 30 ലക്ഷം രൂപയുടെ ചിട്ടി ലേലം വിളിച്ചെടുക്കാൻ ഈ ഭൂമി ഈടായി നൽകി ചിട്ടി പിടിച്ച് പണവുമായി മുങ്ങുകയായിരുന്നു. കെ.എസ്.എഫ്.ഇയിൽ പണമടക്കാത്തതിനാൽ ഭൂമിയുടെ ഉടമസ്ഥക്ക് വൻ ബാധ്യതയാണ് വന്നത്.
സമാനമായ രീതിയിൽ പെരുമ്പാവൂരും ഇയാൾ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും ഭൂമി വിൽക്കാനുള്ളവരെ സമീപിച്ച് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കൂടാതെ ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി ഇയാളും സഹോദരനും കൂടി പലരിൽ നിന്നായി 47 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്തിൽ കോഴിക്കോട് ജില്ലയിൽ കേസുകൾ നിലവിലുണ്ട്. തട്ടിപ്പ് നടത്തി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ പൊന്നാനി പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.പൊന്നാനി പൊലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജും ടീമുമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.