പൊന്നാനി കൊല്ലൻപടിയിൽ ആരംഭിച്ച ‘ഹലോ ഓട്ടോ’ സംവിധാനം
പൊന്നാനി: പൊന്നാനി കൊല്ലൻപടിയിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ലാൻഡ് ഫോണിലേക്കൊന്നു വിളിച്ചാൽ മതി. നിമിഷങ്ങൾക്കകം ഓട്ടോറിക്ഷ ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും. കടവനാട് പൂക്കൈത കടവിലുള്ളവർക്ക് രണ്ടര കിലോമീറ്ററിലധികം നടന്ന് വേണം ഓട്ടോ സ്റ്റാൻഡിലെത്താൻ. ഇതിന് പരിഹാരമായാണ് ഒരു ഫോൺകോളിൽ ഓട്ടോ യാത്രക്കാരിലേക്ക് അരികിലെത്തുന്ന സൗകര്യം സജ്ജമാക്കിയത്. ഹലോ ഓട്ടോ എന്ന പേരിലാണ് സംവിധാനം തയാറായിട്ടുള്ളത്.
കൊല്ലൻപടി പരിധിയിലെ മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സൗകര്യം ഒരുക്കിയത്. അത്യാവശ്യ ഘട്ടങ്ങളിൽ പോലും കിലോമീറ്ററുകൾ നടന്ന് ഓട്ടോ വിളിക്കേണ്ട സ്ഥിതി മനസിലാക്കി കൊല്ലൻ പടിയിലെ വ്യാപാരിയായ വിജീഷ് സൂര്യയാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ സഹകരണത്തോടെ സംവിധാനം തയാറാക്കിയത്.
വിജീഷ് തന്നെ ലാൻഡ് ഫോൺ കണക്ഷനും ഒരു വർഷത്തേക്കുള്ള റീചാർജും ഫോൺ ബോക്സും ഉൾപ്പെടെ റിക്ഷ സ്റ്റാൻഡിൽ സജ്ജീകരിച്ചു. 30 ഓളം ഓട്ടോറിക്ഷകളാണ് കൊല്ലൻപടിയിൽ സർവിസ് നടത്തുന്നത്. കടവനാട്, വളവ്, ഉറൂബ് നഗർ, പൂക്കൈത കടവ് ഉൾപ്പെടെ സമീപത്തെ മൂന്ന് കിലോമീറ്റർ പരിധിയിലുള്ളവർക്ക് സേവനം ലഭ്യമാകും. 0494 2083978 എന്ന നമ്പറിലാണ് സേവനം ലഭിക്കുക. പുതിയ സംവിധാനത്തിന് പ്രദേശവാസികളിൽനിന്ന് മികച്ച അഭിപ്രായമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.