പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മലപ്പുറം എഫ്.സി മത്സരം കാണാനെത്തിവർ
മഞ്ചേരി: മഞ്ചേരിയെ മാഞ്ചസ്റ്ററും കാലിക്കറ്റിനെ നൗകാമ്പുമെല്ലാമാക്കി ഫുട്ബാൾ ആരാധകർ. സൂപ്പർ ലീഗ് രണ്ടാം സീസണിനും വൻ വരവേൽപ്പ് നൽകി ഗാലറിയെ ഇളക്കിമറിക്കുകയാണ് കാണികൾ. ലീഗിലെ എട്ട് മത്സരങ്ങൾ മാത്രം പൂർത്തിയായപ്പോൾ 1,17,643 കാണികളാണ് എത്തിയത്. പയ്യനാട് സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയം, തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഇതുവരെ മത്സരങ്ങൾ നടന്നത്.
കഴിഞ്ഞ ദിവസത്തെ കാലിക്കറ്റ് എഫ്.സി-മലപ്പുറം എഫ്.സി മലബാർ ഡർബിയിലാണ് കൂടുതൽ കാണികൾ ഗാലറിയിൽ എത്തിയത്. 22,956 പേരാണ് ഈ മത്സരം കാണാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തിയത്. മലപ്പുറത്തിന്റെ മൂന്ന് ഹോം മത്സരങ്ങൾക്കും പതിനായിരത്തിലധികം ആരാധകർ ഗാലറിയെ ആവേശത്തിലാഴ്ത്തി. മലപ്പുറത്തിന്റെ മൂന്ന് ഹോം മത്സരങ്ങളിലായി അരലക്ഷത്തോളം കാണികൾ എത്തി. മലപ്പുറം ആദ്യമത്സരത്തിൽ തൃശൂരിനെ നേരിട്ടപ്പോൾ 14236 പേരാണ് എത്തിയത്.
കണ്ണൂരിനെതിരായ രണ്ടാം മത്സരത്തിൽ 17,427 പേരും മഞ്ചേരിയിലെത്തി. മൂന്ന് മത്സരങ്ങൾക്കായി 54,619 പേരെത്തി. മലപ്പുറത്തിന്റെ രണ്ട് ഹോം മത്സരങ്ങൾ കൂടി പയ്യനാട് നടക്കുന്നതിനാൽ ഗാലറിക്ക് ഇനിയും തീപിടിക്കും. ആരവം തീർക്കാൻ ആരാധക കൂട്ടായ്മകളായ മലപ്പുറത്തിന്റെ അൾട്രാസും കാലിക്കറ്റിന്റെ ബീക്കൺസ് ബ്രിഗേഡും സജ്ജം.
കോഴിക്കോട് നടന്ന രണ്ട് മത്സരങ്ങളിൽ മാത്രം 42,179 പേർ ഗാലറിയിലെത്തി. കാലിക്കറ്റ് ഫോഴ്സ കൊച്ചിയുമായി മത്സരിച്ചപ്പോൾ 21,903 പേരും തൃശൂരുമായി ഏറ്റുമുട്ടിയപ്പോൾ 20,276 പേരും ഗാലറിയെ നിറച്ചു. തിരുവനന്തപുരത്ത് നടന്ന മൂന്ന് മത്സരങ്ങളിലായി 20,845 പേരും അനന്തപുരിയുടെ മണ്ണിലെത്തി. കലാശപ്പോര് അടക്കം 33 മത്സരങ്ങളാണ് ലീഗിലുള്ളത്. ആറ് വേദികളിലായി ആറ് ടീമുകളും മാറ്റുരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.