അട്ടപ്പാടി മധു വധം: കേസ് 18 ലേക്ക് മാറ്റി

മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ്​ മധു കൊല്ലപ്പെട്ട കേസിലെ തുടർനടപടികൾ കോടതി ഫെബ്രുവരി 18 ലേക്ക് മാറ്റി. വ്യാഴാഴ്ച ഹാജരാകാൻ കേസിലെ 16 പ്രതികൾക്കും മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി നോട്ടീസ് അയച്ചിരുന്നു. സ്പെഷൽ പ്രോസിക്യൂട്ടറെ പത്തിനകം നിയമിക്കാൻ സാധ്യതയുണ്ടെന്ന അഗളി ഡിവൈ.എസ്.പി മുരളീധരന്‍റെ റിപ്പോർട്ടിനെ തുടർന്നാണ് ജഡ്‌ജ്‌ കെ.എസ്. മധു പ്രതികളോട് വ്യാഴാഴ്ച ഹാജരാകാൻ നിർദേശിച്ചിരുന്നത്. 12 പ്രതികൾ നേരിട്ടും, നാല് പേർ അഭിഭാഷകർ മുഖേന ഓൺലൈനായും ഹാജരായി. എന്നാൽ, പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നടപടികൾക്കായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ 10 ദിവസം കൂടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് 18 ലേക്ക് മാറ്റിയത്. വാദിഭാഗത്തിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയൻ ഹാജരായി. പ്രതികൾക്ക് പൊലീസ് കുറ്റപത്രത്തിന്റെ പകർപ്പും, ഡിജിറ്റൽ തെളിവുകളുടെ പകർപ്പും കോടതി നൽകി. ഹുസൈൻ, മരക്കാർ, ഷംസുദ്ദീൻ, അനീഷ്, രാധാകൃഷ്ണൻ, അബൂബക്കർ എന്ന ബക്കർ, സിദ്ദീഖ്​, ഉബൈദ്, നജീബ്, ജൈജു മോൻ, അബ്ദുൽ കരീം, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നിവരാണ് പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.