കസ്റ്റംസിനെ വെട്ടിച്ച്​ സ്വർണക്കടത്ത്​: ഒരാഴ്ചക്കിടെ പൊലീസ്​ പിടിയിലായത്​ 12 പേർ

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച്​ സ്വർണക്കടത്ത്​ കൂടുന്നു. ഒരാഴ്​ചക്കിടെ പൊലീസ്​ പിടികൂടിയത്​ 12 പേരെ. മിശ്രിതരൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച്​ വിമാനത്താവളത്തിന്​ പുറത്തെത്തിക്കുന്ന സ്വർണമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ​ പൊലീസ്​ കണ്ടെടുക്കുന്നത്​. വിമാനത്താവളത്തിൽ കസ്റ്റംസ്​ പരിശോധന കഴിഞ്ഞ്​ പുറത്തിറങ്ങുന്നവരാണ്​ പിടിയിലായത്​​. മാർച്ച്​ 29 മുതൽ ഏപ്രിൽ ഏഴുവരെയുള്ള ദിവസങ്ങളിൽ 12 പേരിൽനിന്നായി നാല്​ കിലോയോളം സ്വർണമിശ്രിതമാണ്​ പൊലീസ്​ പിടികൂടിയത്​. സ്വർണവുമായി വിദേശത്ത്​ നിന്നെത്തിയവരും ഏറ്റുവാങ്ങാൻ കരിപ്പൂരിലെത്തിയവരുമാണ്​ അറസ്റ്റിലായവരെല്ലാം. പരിശോധന പൂർത്തിയായി ടെർമിനലിൽനിന്ന്​ പുറത്തിറങ്ങിയ​ ശേഷം വിമാനത്താവള പരിസരത്ത്​ സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനി​ടെയാണ്​ പിടിയിലായത്​. സ്വർണക്കടത്ത്​ സംഘങ്ങൾ തന്നെ ചോർത്തുന്നതിനാലാണ്​ പൊലീസിന്​ വിവരം ലഭിക്കുന്നത്​. കരിപ്പൂർ വഴി സ്വർണക്കടത്ത്​ വർധിച്ചതായി കസ്റ്റംസിന്‍റെ വാർഷിക റിപ്പോർട്ട്​ ഈയിടെ പുറത്തുവന്നിരുന്നു. ഇതു​പ്രകാരം രാജ്യത്ത്​ ഏറ്റവും കൂടുതൽ സ്വർണം പിടികൂടുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്​ കരിപ്പൂരാണെന്നാണ്​ കേന്ദ്ര സർക്കാറിന്​ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്​. ഇതേ വിമാനത്താവളത്തിലാണ്​ കസ്റ്റംസ്​ പരിശോധന കഴിഞ്ഞ്​ പുറത്തിറങ്ങുന്ന നിരവധി പേരെ സ്വർണവുമായി പൊലീസ്​ പിടികൂടിയതും. സ്വർണക്കടത്തിനെതിരെ വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ കാര്യക്ഷമമായ ഇടപെടൽ ഇല്ലെന്ന ആക്ഷേപം വ്യാപകമാണ്​. അതേസമയം, ആവശ്യത്തിന്​ ജീവനക്കാരില്ലാതെയാണ്​ കസ്റ്റംസ്​ വിഭാഗത്തിന്‍റെ പ്രവർത്തനം. ആവശ്യമുള്ളതിൽ പകുതിയിലും കുറവ്​ ജീവനക്കാർ മാത്രമാണ്​ ഇവിടെയുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.