ബ്ലാങ്ങാട് ബീച്ചിലെ കള്ളുഷാപ്പ്: നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും ഒഴിപ്പിക്കാത്തതിൽ പ്രതിഷേധം

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്ക് ഭൂമി കൈയേറി അനധികൃതമായി നിർമിച്ച കള്ളുഷാപ്പ് കെട്ടിടം പൊളിച്ചുനീക്കാൻ നോട്ടീസ് അയച്ച് നിശ്ചിത ദിവസങ്ങൾ കഴിഞ്ഞിട്ടും നഗരസഭ സെക്രട്ടറി നടപടിയെടുക്കാത്തതിൽ പ്രതിഷേധം. അനധികൃതമെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ നഗരസഭ സെക്രട്ടറി കെട്ടിടം പൊളിക്കാൻ എല്ലാ ചട്ടങ്ങളും പാലിച്ച് ഉത്തരവിട്ട് നോട്ടീസ് നൽകിയ കള്ളുഷാപ്പ് കെട്ടിടം നിയമവിരുദ്ധമായി സംരക്ഷിക്കാൻ എല്ലാ ഒത്താശയും സൗകര്യവുമൊരുക്കി കൊടുക്കുന്നത് നഗരസഭ ചെയർപേഴ്സനും ഭരണ നേതൃത്വവുമാണെന്ന് സമരസമിതി ഭാരവാഹികളായ തോമസ് ചിറമ്മൽ, സി. സാദിഖലി, നൗഷാദ് തെക്കുംപുറം എന്നിവർ ആരോപിച്ചു. തങ്ങൾക്കില്ലാത്ത അധികാരം ഉപയോഗിച്ച് സെക്രട്ടറിയുടെ ഉത്തരവിനെ മറികടക്കാനും വെല്ലുവിളിക്കാനും കള്ളുഷാപ്പ് നടത്തിപ്പുകാരന് പിന്തുണ നൽകുകയാണ് ചാവക്കാട് നഗരസഭ ഭരണ നേതൃത്വം ചെയ്യുന്നത്. മാത്രമല്ല നഗരസഭക്കെതിരെയുള്ള ഈ കേസിൽ കോടതിയിൽ പോയി കള്ളുഷാപ്പ് നടത്തിപ്പുകാരന് സെക്രട്ടറിയുടെ ഉത്തരവിനെതിരെ സ്റ്റേ സമ്പാദിക്കാൻ ഗൂഢാലോചന നടത്തുന്ന ചാവക്കാട് നഗരസഭ ഭരണനേതൃത്വത്തിന്‍റെ കൂറ് ജനങ്ങളോടാണോ അതോ മദ്യലോബിയോടാണോയെന്ന് അവർ വ്യക്തമാക്കണമെന്നും സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ട് നിൽക്കുന്ന ചാവക്കാട് നഗരസഭ ഭരണനേതൃത്വത്തിന് അധികാരത്തിൽ തുടരാനുള്ള ധാർമികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സമരസമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.