സൈലന്റ്​വാലിയില്‍നിന്ന് നാല് പുതിയ രത്നവണ്ടുകളെ കണ്ടെത്തി

തേഞ്ഞിപ്പലം: രത്നവണ്ടുകളുടെ (ബ്യൂപ്രെസ്റ്റിഡെ) കുടുംബത്തിലേക്ക് സൈലന്റ്​വാലി ദേശീയോദ്യാനത്തില്‍നിന്ന് നാല് പുതിയ ഇനങ്ങള്‍ കൂടി. കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വിഭാഗം അസോ. പ്രഫസര്‍ ഡോ. വൈ. ഷിബുവര്‍ധനന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവയെ കണ്ടെത്തിയത്. യു.ജി.സിയുടെ പ്രത്യേക സഹായ പരിപാടിയുടെ (എസ്.എ.പി) ധനസഹായമുപയോഗിച്ച് തെരഞ്ഞെടുത്ത സംരക്ഷിത വനമേഖല കേന്ദ്രീകരിച്ചുള്ള പഠനമാണ്​ കണ്ടെത്തലിന് വഴിയൊരുക്കിയത്​. ഗവേഷണ വിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശി എസ്. സീന, പാലക്കാട്ടുനിന്നുള്ള പി.പി. ആനന്ദ് എന്നിവരാണ് പഠനസംഘത്തിലെ മറ്റുള്ളവര്‍. അത്യാകര്‍ഷകമായ വര്‍ണങ്ങളും ബാഹ്യഘടനയുമുള്ള നിരവധി വർഗങ്ങളുള്ള കുടുംബമാണ് ബ്യൂപ്രെസ്റ്റിഡെ. പ്രകാശത്തെ വ്യത്യസ്ത രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന പുറന്തോടിന്റെ ഘടന കാരണമാണ് ഈ കുടുംബത്തിലുള്ളവയെ രത്നവണ്ടുകള്‍ എന്ന്​ വിളിക്കുന്നത്. അഗ്രില്ലസ് ജനുസ്സിലെ അഗ്രില്ലസ് വിറ്റാമാണീ വർഗത്തിലാണ് പുതിയ നാല് വണ്ടിനങ്ങള്‍ വരുന്നത്. ഇതുവരെ ലോകത്താകമാനം ആറ് വർഗങ്ങളെ ഈ ഗ്രൂപ്പില്‍നിന്ന്​ കണ്ടെത്തിയിട്ടുണ്ടെന്ന് ഡോ. ഷിബുവര്‍ധനന്‍ പറഞ്ഞു. അതില്‍ രണ്ടെണ്ണം ദക്ഷിണേന്ത്യയില്‍ പ്രാദേശികമായി കാണുന്നവയാണ്. നാല് മില്ലി മീറ്ററില്‍ താഴെയാണ് വലുപ്പം. അഗ്രില്ലസ് കേരളന്‍സിസ്, അഗ്രില്ലന്‍സ് പാലക്കാടന്‍സിസ്, അഗ്രില്ലസ് സഹ്യാദ്രിയന്‍സിസ്, അഗ്രില്ലന്‍സ് സൈലന്റ് വാലിയന്‍സിസ് എന്നിങ്ങനെയാണ് പേര്​ നല്‍കിയിരിക്കുന്നത്. ജേണല്‍ ഓഫ് ഏഷ്യ പസഫിക് എന്റമോളജിയുടെ പുതിയ ലക്കത്തില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. രത്നവണ്ടുകളില്‍ കുറച്ചെണ്ണത്തെ മാത്രമേ കീടങ്ങളായി കണക്കാക്കിയിട്ടുള്ളൂ. മരത്തടികള്‍ ജീര്‍ണിക്കാൻ സഹായിക്കുന്നവയാണ് ഇവയിൽ കൂടുതലും. ആഴത്തിലുള്ള പഠനത്തിലൂടെ മാത്രമേ ഈ വണ്ടുകളുടെ ജൈവ വൈവിധ്യം മനസ്സിലാക്കാനാകൂ. പ്രകാശ പ്രതിഫലനത്തിന്റെ ആഴത്തിലുള്ള പഠനങ്ങള്‍ രത്നനിര്‍മാണമേഖലയിലും ഫോട്ടോണിക് വസ്തുക്കള്‍ രൂപകൽപന ചെയ്യുന്നതിലും സഹായകമാകുമെന്ന് ഡോ. ഷിബുവര്‍ധനന്‍ പറഞ്ഞു. MPG VLKN 1 സൈലന്റ്​വാലിയിൽനിന്ന് കണ്ടെത്തിയ രത്നവണ്ടിനങ്ങള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.