കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റും- മന്ത്രി ആര്‍. ബിന്ദു

പുളിക്കല്‍: കേരളത്തെ രാജ്യത്തിന്​ തന്നെ മാതൃകയായ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക ക്ഷേമ മന്ത്രി ഡോ. ആര്‍. ബിന്ദു. പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ബഡ്സ് സ്‌പെഷല്‍ സ്കൂൾ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. വിവിധ കാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്കെത്തിക്കും. വിദഗ്ധ ചികിത്സയും പരിചരണവും ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഉറപ്പാക്കും. ഇതിനായി മലപ്പുറം ജില്ലയിലുള്‍പ്പെടെ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ കാത്തിരിപ്പിനൊടുവില്‍ പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ജില്ല മിഷന്റെ സഹകരണത്തോടെയാണ് കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് 'സ്‌നേഹ' ബഡ്‌സ് സ്കൂളിന്​ തുടക്കമിട്ടത്. മുഹമ്മദ് സിനാന്‍ എന്ന വിദ്യാർഥിയെ എതിരേറ്റ് വിദ്യാലയം മന്ത്രി നാടിന്​ സമര്‍പ്പിച്ചു. ടി.വി. ഇബ്രാഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ നാമകരണവും പഠനോപകരണങ്ങള്‍, യൂനിഫോം എന്നിവയുടെ വിതരണവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മുഹമ്മദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഷെജിനി ഉണ്ണി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അംഗം സറീന ഹസീബ്, ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം എന്‍. പ്രമോദ് ദാസ്, ജനപ്രതിനിധികളായ സെറീന ടീച്ചര്‍, സുഭദ്ര ശിവദാസന്‍, അഡ്വ. കെ.പി. മുജീബ് റഹ്മാന്‍, എം. സലാഹ്, കുഴിമുള്ളി ഗോപാലന്‍, ബേബി രജനി, ജാഫര്‍ കക്കോത്ത്, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. mpg kdy 1 bindu: പുളിക്കല്‍ പഞ്ചായത്തില്‍ ആരംഭിച്ച ബഡ്‌സ് സ്കൂളിലേക്ക് ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മന്ത്രി ആര്‍. ബിന്ദു എതിരേല്‍ക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.